ധര്‍മ്മജനു പിറകെ സിനിമാമേഖലയിലെ നിരവധി പേരെ ചോദ്യം ചെയ്യും

കൊച്ചി;നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ധര്‍മ്മജനു പിറകെ സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്. തട്ടിപ്പ് സംഘം സ്വര്‍ണ്ണക്കടത്തിനായി പലരെയും സമീപിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. നടി ഷംനാ കാസിമിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ഓണ്‍ലൈന്‍ വഴിയാണ് ഷംനയുടെ മൊഴി രേഖപ്പെടുത്തുക.

ബ്ലാക്ക് മെയിലിങ്ങിനപ്പുറം ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണക്കടത്തു തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് താരങ്ങളെയും മോഡലുകളെയും സമീപിച്ചത്. ഗള്‍ഫ് മേഖലയില്‍ പതിവായി സ്‌റ്റേജ് ഷോകളുമായെത്തുന്നവരെയാണ് കൂടുതലും ലക്ഷ്യംവെച്ചത്. മിമിക്രി രംഗത്തു നിന്നും സിനിമ രംഗത്തെത്തിയവരായിരുന്നു ഇതില്‍ പ്രധാനം.

തട്ടിപ്പിന്റെ സൂത്രധാരനായ ആള്‍ വിദേശത്തായിരുന്നു. നാട്ടിലെത്തിയ ഇയാള്‍ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിനു അനുസരിച്ചു ഇയാളെ കസ്റ്റഡിയില്‍ എടുക്കും. ഷംനയുടേതടക്കമുള്ള താരങ്ങളുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടികരയാണെന്ന് പൊലീസിന് വ്യക്തമായി. ഷാജി പട്ടിക്കര ഉള്‍പ്പെടെ സിനിമ മേഖലയിലെ മൂന്നു പേരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഷംന കാസിമിന്റെ രക്ഷിതാക്കളുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്തി. ക്വാറന്റൈനില്‍ കഴിയുന്ന ഷംനയുടെ മൊഴി ഒണ്‍ലൈന്‍ വഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കി.

SHARE