ഷംന ബ്ലാക്‌മെയിലിങ് കേസ്: പ്രതി ഷരീഫിന് പൊലീസുമായി അടുത്ത ബന്ധം? പൊലീസ് ജീപ്പില്‍ നിന്ന് ടിക് ടോക് വീഡിയോ ചെയ്തു!

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഷരീഫിന് പൊലീസ് ബന്ധമെന്ന് ആരോപണം. പൊലീസ് ജീപ്പിലിരുന്ന് ഇയാള്‍ ടിക് ടോക് വീഡിയോ ചെയ്തതായി ദൃശ്യമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷെരീഫ് പൊലീസ് ജീപ്പിലിരിക്കുന്ന ദൃശ്യങ്ങള്‍ ടിക് ടോകില്‍ പോസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇന്ന് രാവിലെയാണ് പാലക്കാടുകാരനായ ഷരീഫ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ദൃശ്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ഡി.സി.പി പൂങ്കുഴലി വ്യക്തമാക്കി.

കേസില്‍ ഇതുവരെ എട്ടു പേര്‍ പിടിയിലായിട്ടുണ്ട്. വീണ്ടും ഷംനയുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. ഷംനയുടെ വരനായി അഭിനയിച്ച റഫീഖ് അടക്കം കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെ മരടിലെ ഷംനയുടെ വീട്ടിലെത്തിച്ചു തെളിവെടുക്കും.

പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശൂരില്‍ നിന്നാണു കാര്‍ കണ്ടെടുത്തത്. ഷംന കേസിനൊപ്പം പ്രതികള്‍ക്കെതിരെ ഏഴു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി.