ബ്ലാക്‌മെയിലിങ് കേസ്: ഷംനയുടെ നമ്പര്‍ കൈമാറിയത് പ്രതിയു‌ടെ സഹോദരനായ സിനിമാ നിര്‍മാതാവ്- പിന്നില്‍ യുവതികളെ സ്വര്‍ണക്കടത്തിന് കാരിയര്‍മാരാക്കുന്ന സംഘം

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക്. വിവാഹാലോചനയ്ക്കെന്ന പേരില്‍ എത്തി ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി റഫീഖിന് ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത് നിര്‍മാതാവായ സഹോദരനില്‍ നിന്നാണ് എന്നാണ് വിവരം.

തുടര്‍ച്ചയായി വിദേശയാത്ര നടത്തുന്ന റഫീഖിന്റെ സഹോദരനാണ് ഈ നിര്‍മാതാവാണെന്നും ഷംനയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അന്വേഷണസംഘം പറയുന്നു. നിര്‍മാതാവിനെ ഉടന്‍ ചോദ്യം ചെയ്യും. മോഡലിങ് രംഗത്തുള്ള മറ്റു ചില യുവതികള്‍ കൂടി ഈ സംഘത്തിനെതിരേ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. സ്വര്‍ണക്കടത്തിനും ഹവാല ഇടപാടുകള്‍ക്കും തങ്ങളെ ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

ഷംനയ്ക്കു വിവാഹമാലോചിച്ച പയ്യനായി അന്‍വര്‍ അലിയെന്ന വ്യാജപ്പേരില്‍ റഫീഖിനെ ഷംനയ്ക്കു പരിചയപ്പെടുത്തിയത് സഹോദരന്‍ ആണ് എന്നാണ് പൊലീസ് പറയുന്നത്. കാസര്‍കോട്ടുള്ള പ്രമുഖ കുടുംബാംഗവും ജ്വല്ലറി ഉടമയുമാണ് അന്‍വര്‍ അലി എന്നാണ് ഷംനയുടെ കുടുംബത്തെ ധരിപ്പിച്ചിരുന്നത്.

റഫീഖിന്റെ സഹോദരന്‍ മാസത്തില്‍ ആറുതവണയെങ്കിലും വിദേശയാത്ര നടത്തുന്നതായി പാസ്പോര്‍ട്ട് രേഖകളില്‍നിന്ന് വ്യക്തമാണ്. നിരന്തരം വിദേശയാത്ര നടത്തുന്നതിനിടെ സിനിമാ രംഗത്തുള്ളവരുമായുണ്ടായ അടുപ്പംവഴിയാണ് സംഘം ഷംനയിലേക്ക് എത്തിയതെന്ന് പോലീസ് സംശയിക്കുന്നു.

അതിനിടെ, കേസില്‍ ഷംന കാസിം നാളെ കൊച്ചിയിലെത്തി മൊഴി നല്‍കും. തട്ടിപ്പിനിരയായ മറ്റു യുവതികളും വരുംദിവസങ്ങളില്‍ മൊഴി നല്‍കുമെന്നാണ് സൂചന. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ഡി.സി.പി. ജി. പൂങ്കുഴലി അറിയിച്ചു. ഇവന്റ് മാനേജ്മെന്റ് പ്രവര്‍ത്തകരായ യുവതികളും റിസപ്ഷനിസ്റ്റുകളും ഇവരുടെ തട്ടിപ്പിന് വിധേയരായിട്ടുണ്ട്. ഈ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് ഡി.സി.പി വ്യക്തമാക്കി.

അതിനിടെ, കേസ് ഒത്തുതീര്‍പ്പാക്കാന്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പരാതി പിന്‍വലിക്കാന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് തട്ടിപ്പിന്നിരയായ യുവമോഡല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.