ഷംനയുമായി റഫീഖ് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു, അവരെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിരുന്നു- വെളിപ്പെടുത്തലുമായി ഭാര്യ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി റഫീഖിനെതിരെ ഭാര്യ. ഷംനയുമായി റഫീഖ് നിരന്തരം സംസാരിച്ചിരുന്നു എന്നും അവരെിവാഹം കഴിക്കുന്നതിനായി തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടെന്നും അവര്‍ വെളിപ്പെടുത്തി.

മുന്‍പും നിരവധി തട്ടിപ്പുകള്‍ റഫീഖ് നടത്തിയിട്ടുണ്ട്. ആളുകളില്‍ നിന്ന് പണം വാങ്ങി ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ നിരവധി കേസുകളുണ്ട്. ജയിലിലും കിടന്നിട്ടുണ്ട. സ്ത്രീകളുമായി ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി വീട്ടില്‍ വഴക്കിടാറുണ്ട്. ഷംനയുടെ ചിത്രം കാണിച്ച് ഞാന്‍ ഇവരെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് യാതൊരു നടപടിയും എടുത്തിട്ടില്ല- അവര്‍ ആരോപിച്ചു.

രാവും പകലും ഫോണ്‍വിളിയാണ്. പുലര്‍ച്ച അഞ്ച് മണി വരെ വിളി തുടരും. അതിന്റെ പേരില്‍ ഞാന്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. നടി ഷംന കാസിമാണ് ഫോണില്‍ വിളിക്കുന്നതെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. എന്റെ ഭര്‍ത്താവിന് വിദ്യാഭ്യാസമൊന്നും ഇല്ലാത്തതിനാല്‍ അയാള്‍ക്കൊരു നടിയുമായി ബന്ധമുണ്ടാകുമെന്ന് കരുതിയില്ല. പിന്നീട് ടിവിയില്‍ ഷംന കാസിമിന്റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ഭര്‍ത്താവിന്റെ ഫോണിലുള്ള ഫോട്ടോകള്‍ തന്നെയാണെന്ന് മനസ്സിലായതും വിളിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞതും. ഷംനയുടെ പേരില്‍ സേവ് ചെയ്ത വാട്സാപ്പ് നമ്പറില്‍ നിന്ന് അവരുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നു- അവര്‍ വെളിപ്പെടുത്തി. ഷംനയെ വിളിച്ച സ്ത്രീ താനല്ലെന്നും കേസില്‍ കുടുക്കുമെന്ന ഭയം തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു.

നേരത്തെ, ഷംന കാസിമിനെ തട്ടിക്കൊണ്ടു പോയി പണം തട്ടാനായിരുന്നു ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞിരുന്നു. കേസില്‍ മിക്ക പ്രതികളും അറസ്റ്റിലായിട്ടുണ്ട്.