മുസ്‌ലിം യുവാവിനെ കത്തിച്ചു കൊന്ന ശംഭുലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് മുസ്‌ലിം ചെറുപ്പക്കാരനെ കത്തിച്ച് കൊന്ന ശംഭുലാല്‍ റെഗാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. ഉത്തര്‍പ്രദേശിലെ ആഗ്ര മണ്ഡലത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയുടെ ടിക്കറ്റിലാണ് ശംഭുലാല്‍ മത്സരിക്കുക. ജോധ്പൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനാണ് ഇപ്പോള്‍ ശംഭുലാല്‍. തങ്ങളുടെ ആവശ്യം ശംഭുലാല്‍ സ്വീകരിച്ചെന്നും അദ്ദേഹം ആഗ്രയില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുമെന്നും ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന ദേശീയ പ്രസിഡണ്ട് അമിത് ജാനി പറഞ്ഞു.

എനിക്ക് ഏറെക്കാലമായി ശംഭുലാലുമായി ബന്ധമുണ്ട്. മത്സരിക്കാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ അദ്ദേഹം അത് സ്വീകരിക്കുകയായിരുന്നു. ഹിന്ദുത്വവാദികളെ മാത്രമാണ് ഞങ്ങള്‍ സ്ഥാനാര്‍ഥികളാക്കുന്നത്. ശംഭുലാലിനെക്കാള്‍ മികച്ചൊരു സ്ഥാനാര്‍ഥിയെ ഞങ്ങള്‍ക്ക് കിട്ടില്ലെന്നും അമിത് ജാനി പറഞ്ഞു.

പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സംവരണ മണ്ഡലമാണ് ആഗ്ര. ബി.ജെ.പി നേതാവും ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാനുമായ രാംശങ്കര്‍ കഠേരിയ ആണ് നിലവില്‍ ഇവിടെ നിന്നുള്ള എം.പി.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജസ്ഥാനിലെ രാജ്‌സാമന്തില്‍ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അശ്‌റഫുലിനെ ശംഭുലാല്‍ കത്തിച്ചുകൊന്നത്. ഇതിന്റെ വീഡിയോ ശംഭുലാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ ഇദ്ദേഹം ഹിന്ദുത്വ തീവ്രവാദി സംഘനകള്‍ക്ക് പ്രിയപ്പെട്ടവനായി മാറി. ഇദ്ദേഹത്തിന്റെ കേസ് നടത്താനായി രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ലക്ഷക്കണക്കിന് രൂപയാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ സമാഹരിച്ചത്.

SHARE