ഒരുകാലത്ത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹരമായിരുന്ന ശക്തിമാന് വീണ്ടും തിരിച്ചുവരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ടെലിവിഷന്‍ പരമ്പര തിരിച്ചുവരുന്ന വിവരം ശക്തിമാനായി അഭിനയിച്ചിരുന്ന മുകേഷ് ഖന്ന തന്നെയാണ് പുറത്തുവിട്ടത്. 90കളില്‍ ശക്തിമാന് ഉണ്ടാക്കിയെടുത്ത ജനശ്രദ്ധ പിന്നീട് വന്ന ഒരു ടെലിവിഷന്‍ സീരിയലുകള്‍ക്കും കിട്ടിയിട്ടില്ല. ഏത് ചാനലിലാണ് ശക്തിമാന് എത്തുന്നതെന്ന് വ്യക്തമല്ല. ദുരദര്ശന് സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും മറ്റു സാറ്റലൈറ്റ് ചാനലുകളിലും ഇത് വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഖന്ന പറഞ്ഞു. കുട്ടികള്‍ക്കുവേണ്ടിയുള്ള സിനിമകള്‍ നിര്‍മിക്കാന്‍ ഇന്ത്യയില്‍ ആരും തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പണമുണ്ടാക്കാന്‍ സാധിക്കില്ലെന്നതുകൊണ്ടാണ് ആരും അതിന് തയാറാകാത്തത്. ചലച്ചിത്ര മേളകളില്‍ മാത്രമായി അത്തരം സിനിമകള്‍ ഒതുക്കപ്പെട്ടുവെന്നും ഖന്ന പറയുന്നു.