ഷെയിന്‍ നിഗം വിവാദത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പൊളിയുന്നു; നിലപാട് വ്യക്തമാക്കി അമ്മയും ഫെഫ്കയും

ഷെയ്ന്‍ നിഗം വിവാദം വീണ്ടും സങ്കീര്‍ണതയിലേക്ക്. പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം പൊളിയുന്നു. താരം മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കി. ഇന്ന് കൊച്ചിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയ ഷെയ്ന്‍ പുറത്ത് നടത്തിയ പരസ്യവിമര്‍ശനത്തിലും ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും മന്ത്രി എ കെ ബാലനെ കാണാന്‍ പോയതിലും ഇരുസംഘടനകളും കടുത്ത അതൃപ്തിയാണ് അറിയിച്ചത്. റേഡിയോ പോലെ പറയുന്നതെല്ലാം കേട്ടുകൊണ്ട് നില്‍ക്കണ്ട സ്ഥിതിയാണ് തനിക്കെന്നാണ് ഷെയ്ന്‍ കൊച്ചിയില്‍ പറഞ്ഞത്. ഷെയ്‌നിനെ കണ്ട മന്ത്രി എ കെ ബാലന്‍ പ്രശ്‌നം വഷളാക്കരുതെന്ന് സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

പരസ്യ വിമര്‍ശനം നടത്തിയ ഷെയ്‌നിനെതിരെ നിര്‍മാതാക്കളുടെ സംഘടന കടുത്ത വിമര്‍ശനമായാണ് രംഗത്തെത്തിയത്. ചര്‍ച്ച തീര്‍ത്തും ഏകപക്ഷീയമായിരുന്നെന്നും അമ്മയിലാണ് പ്രതീക്ഷയെന്നുമാണ് ചര്‍ച്ചയ്ക്ക് ശേഷം ഷെയ്ന്‍ നിഗം പ്രതികരിച്ചത്. റേഡിയോ പോലെ ചര്‍ച്ചയില്‍ നിര്‍മാതാക്കള്‍ പറയുന്നത് കേട്ടുകൊണ്ട് നില്‍ക്കാന്‍ തനിക്കാകില്ല. താന്‍ പറയുന്നത് നിര്‍മാതാക്കള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും ഷെയ്ന്‍ ആരോപിച്ചു.

”ഒത്തുതീര്‍പ്പിന് തന്നെയാണ് ഞാനവിടെ പോയത്. എന്നിട്ടെന്താ സംഭവിക്കുന്നത്? നമ്മള് പറയുന്നത് അവിടെ ആരും കേള്‍ക്കില്ല. അവര് പറയുന്നത് നമ്മള് കേട്ടോണ്ട് നില്‍ക്കണം. റേഡിയോ പോലെ എന്നിട്ടെല്ലാം അനുസരിക്കണം. അത് പറ്റില്ല. അമ്മ എന്റെ സംഘടനയാണ്. അമ്മ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,ഷെയിന്‍ പറഞ്ഞു. എന്നാല്‍ ഒത്തുതീര്‍പ്പിലേക്കല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന തരത്തിലാണ് അമ്മ നേതൃത്വത്തിന്റെ പ്രതികരണം.

SHARE