കൊച്ചി: കേരള ജനതയെ സങ്കടത്തിലാക്കിയ ദിവസമായിരുന്നു കടന്നു പോയത്. ഇടുക്കിയിലെ മുന്നാര്‍ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പായിരുന്നു കരിപ്പൂര്‍ വിമാനാപകടം. കനത്തമഴയുടെ ഭീതി നിലനില്ക്കുകയും അപകടങ്ങള്‍ പതിയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫോണ്‍ വിളിക്കുമ്പോഴുള്ള കോവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ഷെയ്ന് നിഗം.
കേരളം മറ്റൊരു പ്രളയഭീതിയില്‍ നില്ക്കുമ്പോള് റെക്കോര്‍ഡു ചെയ്തുവച്ച സന്ദേശം മൂലം ചിലപ്പോള്‍ ഒരു ജീവന് രക്ഷിക്കാനുള്ള സമയമാവും നഷ്ടപ്പെടുകയെന്നും ഷെയ്ന് പറയുന്നു.
‘സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന് രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..’ ഷെയ്ന് കുറിച്ചു. ഷെയ്നിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും.