ദക്ഷിണാഫ്രിക്കന്‍ ടി 20 ഗ്ലോബല്‍ ലീഗില്‍ ഷാരുഖ് ഖാന്റെ ടീമും

ഷാരുഖ് ഖാന്‍

ലണ്ടന്‍: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗ് ടീം ഉടമകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരുഖ് ഖാനും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകളായ ജി.ആര്‍.എം ഗ്രൂപ്പും ലീഗിലെ 2 ടീമുകളെ സ്വന്തമാക്കി.

ജെ.പി ഡുമിനി മാര്‍ക്വീ താരമായ കേപ്ടൗണ്‍ നൈറ്റ്‌സ് ടീമിനെയാണ് ഷാറുഖ് വാങ്ങിയത്. ജൊഹനാസ്ബര്‍ഗില്‍ നിന്നുള്ളതാണ് ജി.ആര്‍.എം ഗ്രൂപ്പിന്റെ ടീം. പേസ് ബൗളര്‍ കഗിസോ റബാഡയാണ് മാര്‍ക്വീ താരം.

ലണ്ടനിലെ ബള്‍ഗേറി ഹോട്ടലില്‍ വച്ച് നടന്ന പരിപാടിയിലാണ് ടീം ഉടമകളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഫവാദ് റാണ, ജാവേദ് അഫ്രിദി, ഉസ്മാന്‍ ഉസ്മാന്‍, അജയ് സേഥി, മുഷ്താഖ് ബ്രേ, സുശീല്‍ കുമാര്‍ എന്നിവരാണ് മറ്റു ഉടമകള്‍.

കളിക്കാര്‍ക്ക് ചില നഗരങ്ങളിലെ സ്വാധീനം പരിഗണിച്ചാണ് അവരുടെ ടീമുകള്‍ നിശ്ചയിച്ചത്. പത്ത് രാജ്യങ്ങളില്‍ നിന്നായി 400 കളിക്കാര്‍ ലീഗില്‍ മത്സരിക്കാന്‍ തല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കൊല്‍ക്കത്തക്കു പുറമെ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സും ഷാരുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീമാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു സമാനമായ ലോഗോയാണ് ട്രിന്‍ബാഗോയും ഉപയോഗിക്കുന്നത്.