ആഷിഖ് അബുവിന്റെ സിനിമയില്‍ ഷാരൂഖ് ഖാന്‍ നായകനാവും; വിവരങ്ങള്‍ പുറത്ത്

ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു സിനിമയൊരുക്കുന്നുവെന്ന് വിവരം. മുംബൈയിലെ ഷാരൂഖിന്റെ വീട്ടിന്റെ നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് ആഷിഖ് അബു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഷാരൂഖാനൊപ്പം നടന്നു കഴിഞ്ഞു.

മലയാളത്തിലെ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ബോളിവുഡ് ചിത്രമെന്ന് ആഷിക് അബു പറഞ്ഞു. ഓണ്‍ലൈന്‍ മീഡിയയായ ‘ദ ക്യു’വിനോടായിരുന്നു ആഷിഖിന്റെ പ്രതികരണം. വളരെ എക്‌സൈറ്റിംഗ് ആയ കൂടിക്കാഴ്ചയായിരുന്നു ഷാരൂഖുമായുള്ളത്. മലയാള സിനിമയെക്കുറിച്ച് വളരെ കാര്യമായാണ് ഷാരൂഖ് സംസാരിക്കുന്നത്. അദ്ദേഹം നമ്മുടെ സിനിമകള്‍ ഫോളോ ചെയ്യുന്നുണ്ട്. മലയാള സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹത്തിനെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

‘കുറച്ചുനാളായി ഷാരൂഖിനൊപ്പം ഹിന്ദി സിനിമ ചെയ്യുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ബുധനാഴ്ചയാണ് ഷാരൂഖ് ഖാന്‍ അമേരിക്കയില്‍ നിന്നെത്തിയത്. മുംബൈയിലെ വീടായ മന്നത്തില്‍ രണ്ടരമണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. ശ്യാം പുഷ്‌കരന്റെ രചനയിലാണ് സിനിമ. 2020 അവസാനത്തോടെ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയിലാണ് ആലോചിക്കുന്നത്.’-ആഷിഖ് അബു പറഞ്ഞു. മലയാളത്തിലെ വൈറസ് എന്ന സിനിമ കണ്ടിട്ടാണ് ഷാരൂഖ് ഖാന്‍ ആഷിഖ് അബുവിനെ വിളിക്കുന്നത്. പുതിയ ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌ക്കരനായിരിക്കും.

SHARE