ഇസ്ലാമാബാദ്: ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയുടെ റെക്കോര്‍ഡ് ഒരുപാട് കാലം പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയുടെ പേരിലായിരുന്നു. ശ്രീലങ്കയ്ക്കെതിരെ 37 പന്തില്‍ നിന്നാണ് അഫ്രീദി സെഞ്ച്വറിയടിച്ചത്. ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്സണും (2014, 36 പന്ത്) പിന്നീട് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സും (2015, 31 പന്ത്) അഫ്രീദിയുടെ റെക്കോര്‍ഡ് തിരുത്തുകയുണ്ടായി.
ലങ്കയ്ക്കെതിരെ അഫ്രീദി കളിച്ച ആ തട്ടുപൊളിപ്പന്‍ ഇന്നിങ്സ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ ബാറ്റു കൊണ്ടായിരുന്നു എന്നായിരുന്നു ഏറെ കൗതുകകരം. മുന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹ്മൂദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സച്ചിന് ടെണ്ടുല്‍ക്കര്‍ പേസ് ബൗളര്‍ വഖാര്‍ യൂനുസിന് സമ്മാനമായി നല്കിയ ബാറ്റാണ് അഫ്രീദി ഉപയോഗിച്ചത്. അഫ്രീദിയുടെ കരിയറിലെ രണ്ടാം ഏകദിനം മാത്രമായിരുന്നു അത്. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. പാകിസ്താന്, ശ്രീലങ്ക, കെനിയ, ദക്ഷിണാഫ്രിക്ക ടീമുകളായിരുന്നു പരമ്പരയില്‍ ഉണ്ടായിരുന്നത്.
അന്നത്തെ ശ്രീലങ്കന്‍ ടീമിന്റെ ഓപ്പണര്‍മാര്‍ സനത് ജയസൂര്യയും റൊമേഷ് കലുവിതരണയുമായിരുന്നു. രണ്ടു പേരും ആക്രമിച്ചു കളിക്കുന്നവര്‍. ഇതേ തുടര്‍ന്നാണ് മൂന്നാം നമ്പറില്‍ ഇതേ ശൈലിയില്‍ കളിക്കാന്‍ ശേഷിയുള്ള ഒരാളെ ഇറക്കുന്നതിനെക്കുറിച്ച് പാകിസ്താന് ആലോചിച്ചത്. നെറ്റ്സില്‍ ആക്രമിച്ച് ബാറ്റിങ് പരിശീലനം നടത്താന്‍ തന്നോടും അഫ്രീദിയോടും ക്യാപ്റ്റന്‍ വസീം അക്രം ആവശ്യപ്പെട്ടു. താന്‍ ക്ഷമയോടെ ബാറ്റ് വീശിയപ്പോള്‍ സ്പിന്നര്‍മാരെ അഫ്രീദി അടിച്ചുപറത്തി. അതോടെ അഫ്രീദിയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുകയെന്ന് ക്യാപ്റ്റനും കോച്ചും അറിയിച്ചു- അസ്ഹര്‍ മഹമൂദ് വെളിപ്പെടുത്തി.