പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഇന്ത്യന്‍ യുവതാരത്തെ ക്രിക്കറ്റ് പരിശീലനാര്‍ഥം മൂന്നു മാസത്തോളം സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. കശ്മീരിലെ അനന്ത്നാഗ് പ്രവിശ്യയില്‍നിന്നുള്ള മിര്‍ മുര്‍ത്താസ എന്ന യുവതാരത്തെയാണ് അഫ്രീദി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് ക്രിക്കറ്റ് പരിശീലനം നല്‍കിയത്. അഫ്രീദിയെ ഉദ്ധരിച്ച് ക്രിക്കറ്റ് പാക്കിസ്ഥാന് ഡോട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്. മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം മുര്‍ത്താസ ഇന്ത്യയിലേക്ക് മടങ്ങി.
അഫ്രീദിയുടെ കടുത്ത ആരാധകന് കൂടിയായ മിര്‍ മുര്‍ത്താസ വാഗാ അതിര്‍ത്തി വഴിയാണ് പാക്കിസ്ഥാനിലെത്തിയത്. മൂന്നു മാസത്തോളം അവിടെ തങ്ങിയ മുര്‍ത്താസ, അഫ്രീദിയില്‍നിന്ന് നേരിട്ട് ക്രിക്കറ്റ് പരിശീലനം നേടി. ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍നിന്ന് എന്റെ വീട്ടിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മിര്‍ മുര്‍ത്താസ. അദ്ദേഹം എന്റെ വലിയൊരു ആരാധകന് കൂടിയാണ്. മാത്രമല്ല, മികച്ചൊരു മനുഷ്യനുമാണ്. ക്രിക്കറ്റ് പരിശീലനത്തില്‍ അദ്ദേഹം കഠിനാധ്വാനിയാണ്. തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ അദ്ദേഹം വിജയിക്കുമെന്ന് എനിക്കുറപ്പാണെന്നും അഫ്രീദി പറഞ്ഞു.