മോദി സര്‍ക്കാര്‍ കാരണം ഇന്ത്യ-പാക് മത്സരം നടക്കില്ല; ഷാഹിദ് അഫ്രീദി


മോദി സര്‍ക്കാര്‍ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ലെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയുമായുള്ള പരമ്പരകള്‍ പുനരാരംഭിക്കാന്‍ പാകിസ്താനു മടിയില്ലെന്നും ഇന്ത്യയാണ് താത്പര്യം കാണിക്കാത്തതെന്നും അഫ്രീദി പറഞ്ഞു. ക്രിക്കറ്റ് മാധ്യമമായ പാക് പാഷനു നല്‍കിയ അഭിമുഖത്തിലാണ് കൊവിഡ് 19 വൈറസ് വാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാകിസ്താന്‍ പരമ്പര നടത്തണമെന്ന ഷൊഐബ് അക്തറുടെ പ്രസ്താവനയെ പിന്തുണച്ചു കൊണ്ട് അഫ്രീദി രംഗത്തെത്തിയത്.

”ഇന്ത്യക്കെതിരെ കളിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, മോദി സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ല. വിഷയത്തില്‍ പാകിസ്താന്‍ എപ്പോഴും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അത് തന്നെ ഇന്ത്യയും സ്വീകരിക്കണം. എല്ലായ്‌പ്പോഴും എന്നതു പോലെ ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ക്രിക്കറ്റ് സഹായിക്കും.”- അഫ്രീദി പറഞ്ഞു.

ഇന്ത്യ-പാക് പരമ്പര എന്ന അക്തറുടെ നിര്‍ദ്ദേശത്തിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് രംഗത്തെത്തിയിരുന്നു. ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും അതിനാല്‍ തന്നെ പരമ്പരയുടെ ആശയം ഉദിക്കുന്നില്ലെന്നും വ്യക്തമാക്കിയ കപില്‍ ദേവിന് മറുപടിയുമായി അക്തര്‍ വീണ്ടും പരമ്പര ആശയം ആവര്‍ത്തിച്ചു. അക്തറിനു പണം ആവശ്യമില്ലെങ്കിലും മറ്റുള്ളവര്‍ക്ക് അങ്ങനെയല്ലെന്നായിരുന്നു അക്തറിന്റെ മറുപടി.

രണ്ട് രാജ്യങ്ങളുടെയും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്താം എന്നായിരുന്നു നേരത്തെ അക്തറിന്റെ നിര്‍ദ്ദേശം. പാകിസ്താന് 10000 വെന്റിലേറ്ററുകള്‍ സംഭാവന നല്‍കിയാല്‍ ഇന്ത്യയെ പാക് ജനത ഒരിക്കലും മറക്കില്ലെന്നും അക്തര്‍ പറഞ്ഞിരുന്നു.