ഷഹീന്‍ബാഗില്‍ സമാധാനം തകര്‍ക്കുന്നത് സമരക്കാരല്ല, പൊലീസുകാരാണ്; വെളിപ്പെടുത്തലുമായി മധ്യസ്ഥന്‍ കോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രക്ഷോഭം സമാധാനപരമാണെന്ന് മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള സുപ്രീം കോടതിയെ അറിയിച്ചു. പ്രക്ഷോഭം നടക്കുന്ന സ്ഥലത്തിന് വളരെ അകലെ പോലീസ് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഷഹീന്‍ബാഗിലെ സമരക്കാര്‍ റോഡ് ഗതാഗതം തടസപ്പെടുത്താതെ മറ്റൊരിടത്തേക്ക് മാറണമെന്ന നിര്‍ദ്ദേശം നേരത്തെ സുപ്രീം കോടതി മുന്നോട്ടുവച്ചിരുന്നു. ഇതുസംബന്ധിച്ച് സമരക്കാരുമായി സംസാരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അഡ്വ. സാധനാ രാമചന്ദ്രന്‍ മുന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വജാഹത്ത് ഹബീബുള്ള എന്നിവരുടെ സഹായം അദ്ദേഹത്തിന് തേടാമെന്നും സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഷഹീന്‍ബാഗ് സന്ദര്‍ശിച്ചശേഷമാണ് വജാഹത്ത് ഹബീബുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്. സുപ്രീം കോടതി വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സാമൂഹ്യ പ്രവര്‍ത്തകന്‍ സയിദ് ബഹാദൂര്‍ അബ്ബാസ് നഖ്‌വി, ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് എന്നിവരും വജാഹത്ത് ഹബീബുള്ളയുടെ അതേനിലപാട് സ്വീകരിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഷഹീന്‍ബാഗില്‍നിന്ന് പ്രക്ഷോഭകരെ നീക്കം ചെയ്യണമെന്നും ഗതാഗത തടസം നീക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. സമാധാനപരമായും നിയമം പാലിച്ചും പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഗതഗാത തടസമുണ്ടായാല്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.