ബുര്‍ഖക്കകത്ത് ക്യാമറ ഒളിപ്പിച്ച് ഷഹീന്‍ബാഗ് സമരപ്പന്തലിലെ വീഡിയോ പകര്‍ത്താന്‍ ശ്രമം; വലതുപക്ഷ യൂട്യൂബര്‍ പിടിയില്‍

ഷാഹീന്‍ബാഗ് : ബുര്‍ഖയണിഞ്ഞ് ഷാഹീന്‍ബാഗിനുള്ളില്‍ കയറിപ്പറ്റി വീഡിയോ റെക്കോര്‍ഡിങ് നടത്താന്‍ ശ്രമിച്ച വലതുപക്ഷ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകയെ അവിടെ നിന്ന് പുറത്താക്കി ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുന്‍ജ കപൂര്‍ എന്നാണ് യുവതിയുടെ പേര്.

സമരപ്പന്തലില്‍ ബുര്‍ഖയണിഞ്ഞുകൊണ്ട് ചെന്നുകയറി, സമരക്കാര്‍ക്കൊപ്പം ഇരുന്ന യുവതി പതിവില്‍കവിഞ്ഞ രീതിയില്‍ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിഷേധക്കാര്‍ക്ക് സംശയം മണത്തത്. സംശയം ഏറിയതോടെ, സമരപ്പന്തലില്‍ തന്നെ ചിലര്‍ യുവതിയെ പരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ചു. അതോടെ അവിടെ കൂടിയിരുന്ന സ്ത്രീകളില്‍ ചിലര്‍ തന്നെ ഈ യുവതിയുടെ ബുര്‍ഖ ഊരിമാറ്റി ദേഹപരിശോധന നടത്തുകയും ബുര്‍ഖയ്ക്കുള്ളില്‍ ധരിച്ചിരുന്ന ക്യാമറ കണ്ടെടുക്കുകയുമായിരുന്നു. യുവതിയെ പിടികൂടിയത് പന്തലില്‍ ഒരു സംഘര്‍ഷത്തിന് ഇടയാക്കിയെങ്കിലും, തല്‍ക്ഷണം രംഗത്തെത്തിയ പൊലീസ് സ്ത്രീയെ സമരക്കാരുടെ കയ്യേറ്റത്തില്‍ നിന്ന് രക്ഷിച്ച് അവിടെ നിന്ന് കടത്തുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും തേജസ്വി സൂര്യയുമടക്കമുള്ള പല ബിജെപി പ്രമുഖരും ഫോളോ ചെയ്യുന്ന യൂട്യൂബ് ചാനലാണ് ഗുന്‍ജ കപൂര്‍ നടത്തുന്ന ‘റൈറ്റ് നരേറ്റിവ്’. എന്തിനാണ് സമരപ്പന്തലിലേക്ക് ക്യാമറയും കൊണ്ട് ചെന്നത് എന്ന് ചോദിച്ച മാധ്യമങ്ങളോട് കയര്‍ത്തുകൊണ്ട് ഗുന്‍ജ കപൂര്‍ അവിടെ നിന്നും പോവുകയാണ് ഉണ്ടായത്.

SHARE