മകന്‍ മോദിയുടേയും അമിത്ഷായുടേയും സേവകന്‍; ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത യുവാവിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: തന്റെ മകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പിന്തുണക്കുന്നയാളാണെന്ന് ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന് നേരെ വെടിയുതിര്‍ത്തയാളുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. മകന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും വെടിവപ്പിന് അറസ്റ്റിലായ കപില്‍ ഗുജ്ജറിന്റെ പിതാവ് അവകാശപ്പെട്ടു.

ജയ് ശ്രീറാം എന്ന വിളിയോടെയാണ് കപില്‍ ഷഹീന്‍ബാഗില്‍ വെടിവപ്പ് നടത്തിയതെന്നും ആം ആദ്മി പ്രവര്‍ത്തകനാണെന്ന് കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞിരുന്നു. എഎപി പ്രവര്‍ത്തകരുടെ തൊപ്പി ധരിച്ചതും നേതാക്കളുമായി നില്‍ക്കുന്നതുമായ കപിലിന്റെ ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടു.

ഇതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുമായി കപിലിന് ബന്ധമില്ലെന്ന് വെളിപ്പെടുത്തി പിതാവും സഹോദരനും രംഗത്ത് വന്നത്. തനിക്കോ തന്റെ കുടുംബത്തിനോ എഎപിയുമായി ഒരു ബന്ധവുമില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനായി അവര്‍ വന്നപ്പോള്‍ അവരുടെ തൊപ്പി ഒക്കെ ധരിപ്പിക്കുകയും ചിത്രം പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് കപിലിന്റെ പിതാവ് ഗജേ സിംഗ് പറഞ്ഞു.

തന്റെ മകന്‍ മോദിയെ പിന്തുണക്കുന്നയാളാണ്. അമിത്ഷായെ പിന്തുടരുന്നയാളുമാണെന്നും എഎന്‍ഐയോട് ഗജേ സിംഗ് പറഞ്ഞു. രാഷ്ട്രീയവുമായി അവന് ബന്ധമില്ല. ഷഹീന്‍ബാഗ് പ്രതിഷേധം കാരണം റോഡുകള്‍ നിരന്തരം ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. ഇതോടെ നാല് മണിക്കൂറാണ് അവന് ജോലി സ്ഥലത്തേക്ക് പോകാന്‍ ആവശ്യമായി വന്നത്. ഹിന്ദുത്വത്തെ കുറിച്ചും ഹിന്ദുസ്ഥാനെ കുറിച്ചുമാണ് മകന്‍ എപ്പോഴും സംസാരിക്കുറുള്ളതെന്നും ഗജേ സിംഗ് കൂട്ടിച്ചേര്‍ത്തു.