ഷഹീന്‍ ബാഗില്‍ വെടിവെച്ചയാള്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ച കപില്‍ ഗുജ്ജാര്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തി ഡല്‍ഹി പൊലീസ്. 25കാരനായ കപില്‍ ഗുജ്ജറാണ് ഫെബ്രുവരി ഒന്നിന് ഷഹീന്‍ബാഗ് സമരക്കാര്‍ക്കുനേരെ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഡല്‍ഹി നോയിഡ അതിര്‍ത്തിയിലെ ദല്ലുപുര സ്വദേശിയാണ് കപില്‍. ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തി സമരക്കാര്‍ക്ക് നേരെ വെടിവെച്ച ഇയാളെ പൊലീസ് കസ്റ്റിഡിയിലെടുത്തിരുന്നു.

ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇയാള്‍ എഎപി അംഗമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിനിടെ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തതെന്നും പൊലീസ് പറയുന്നു. ഒരു ചിത്രം ഉപയോഗിച്ച് ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് എഎപി നേതാവ് സഞ്ജയ് ശര്‍മ ആരോപിച്ചു.

അമിത് ഷായാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചിത്രം കണ്ടെത്തുന്നതിലും പുറത്തുവിട്ടിതിലും ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഎഎക്കെതിരെ സമരം നടക്കുന്ന ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും വെടിവെപ്പുണ്ടായിരുന്നു. ആ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു പിടിയിലായത്.