ഷഹീന്‍ബാഗ് സമരപന്തല്‍ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഷഹീന്‍ബാഗ് സമരപന്തല്‍ ഡല്‍ഹി പൊലീസ് ഒഴിപ്പിച്ചു. ഇന്ന് രാവിലെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സമരക്കാരെ ഒഴിപ്പിച്ചത്. സമരം അവസാനിപ്പിക്കണമെന്ന് നേരത്തെ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമരക്കാര്‍ നിരാകരിക്കുകയായിരുന്നു. സി.എ.എ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. നിരവധി സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ജാഫറാബാദിലും കനത്തസുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ബാഗില്‍ മൂന്ന് സ്ത്രീകള്‍ പൗരത്വനിയമത്തിനെതിരെ സമരം ആരംഭിച്ചത്. ഇത് പിന്നീട് രാജ്യം കണ്ട വന്‍ പ്രക്ഷോഭമായി മാറുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഷഹീന്‍ബാഗ് മാതൃകയില്‍ സമരം ആരംഭിച്ചിരുന്നു. കൊറോണ മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് സമരക്കാര്‍ ഒരു മീറ്റര്‍ അകലത്തില്‍ ഇരിക്കുന്നതടക്കമുള്ള ക്രമീകരണങ്ങള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ ഡല്‍ഹി പൂര്‍ണമായി ലോക്ക്ഡൗണ്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഷഹീന്‍ബാഗ് ഒഴിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

SHARE