ഷഹലയുടെ മരണം: ഹെഡ്മാസ്റ്റര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍; പി.ടി.എ പിരിച്ചുവിടും

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ മോഹനനുമാണ് സസ്‌പെന്‍ഷന്‍. പിടിഎയും പിരിച്ചുവിടും. വിദ്യാഭ്യസ വകുപ്പിന്റെതാണ് നടപടി. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം, കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ ക്ലാസ് തുടര്‍ന്ന അധ്യാപകന്‍ ഷിജിലിനെ സസ്‌പെന്റ് ചെയ്തിരുന്നു.

കുട്ടിക്ക് പാമ്പുകടിയേറ്റത് പ്രധാനാധ്യാപകന്‍ മറച്ചുവെക്കാന്‍ ശ്രമിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. കുട്ടിയുടെ പിതാവ് വരാന്‍ വൈകിയത് കൊണ്ടാണ് ആസ്പത്രിയിലെത്തിക്കാന്‍ താമസിച്ചത് എന്നായിരുന്നു ഹെഡ്മാസ്റ്ററുടെ വാദം. കരഞ്ഞുപറഞ്ഞിട്ടും അധ്യാപകര്‍ ഷെഹലയെ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയിരുന്നു.

SHARE