‘രോഗം ഉണ്ടാകാതിരിക്കട്ടെ’; എഎ റഹീമിന് ആശംസയുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം: കോവിഡ് നീരീക്ഷണത്തില്‍ കഴിയുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് ആശംസയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ ആശംസ നേര്‍ന്നത്.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് അടയ്ക്കുകയും സംസ്ഥാന സെക്രട്ടറി റഹീം അടക്കമുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഷാഫി പറമ്പിലിന്റെ ആശംസ.

ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോവിഡ് എന്നല്ല ഏത് ദുരിത കാലത്തും സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി, തങ്ങളിലേക്ക് തന്നെ ഒതുങ്ങുവാന്‍ ഒരു പൊതു പ്രവര്‍ത്തകനും, പ്രസ്ഥാനത്തിനും സാധിക്കുകയില്ല. അത്തരം പ്രതിസന്ധികളുടെയൊക്കെ കാലത്ത് പൊതുസമൂഹം സഹായത്തിനായി ആദ്യം തിരയുക പൊതുപ്രവര്‍ത്തകരെ തന്നെ ആയിരിക്കാം. അപ്പോള്‍ സ്വന്തം കാര്യമോ കുടുംബത്തിന്റെ കാര്യമോ ചിന്തിച്ച് വ്യാകുലപ്പെടാതെ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക എന്നത് ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതത്തിന്റെ ഭാഗമാണ്.

മറ്റ് ദുരന്തങ്ങളില്‍ നിന്നും വ്യത്യസ്തമായി കോവിഡ് കാലത്ത് ജന സേവനങ്ങളില്‍ വ്യാപൃതരാകുമ്പോള്‍, രോഗം വരാനും ചുരുങ്ങിയത് രോഗിയുമായി ഇടപഴകുവാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തില്‍ രോഗത്തോട് അല്ലെങ്കില്‍ രോഗിയോട് എക്‌സ്‌പോസ്ഡ് ആകുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ പോവുകയെന്നത് സാധാരണമാണ്.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓഫീസ് അടച്ച്, സംസ്ഥാന സെക്രട്ടറി റഹീം അടക്കം 6 പേര്‍ ക്വാറന്റീനിലായതായി അറിഞ്ഞു. അവര്‍ക്ക് രോഗം ഉണ്ടാകാതിരിക്കട്ടെയെന്നും എത്രയും പെട്ടെന്ന് അവര്‍ക്ക് പൊതുപ്രവര്‍ത്തന പഥത്തിലേക്ക് തിരിച്ചെത്തി, കോവിഡ് കാലത്തെ അതിജീവന പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമാകുവാന്‍ കഴിയട്ടെയെന്നും ആശംസിക്കുന്നു.

SHARE