‘കിച്ചു നീ ഇത് കാണണേ .. എപ്പഴുമെന്ന പോലെ ശരത്തിന്റെ തോളില്‍ കയ്യിട്ട് ..’;കൃപേഷിന്റെ ഗൃഹപ്രവേശന ചടങ്ങിനെക്കുറിച്ച് ഷാഫി പറമ്പിലിന്റെ കുറിപ്പ്

കാസര്‍കോഡ്: കാസര്‍കോഡ് സി.പി.എം കൊലപ്പെടുത്തിയ കൃപേഷിന്റെ കുടുംബത്തിന് വീടൊരുക്കി കോണ്‍ഗ്രസ്. ഹൈബി ഈഡന്റെ നേതൃത്വത്തില്‍ തണല്‍ പദ്ധതിയിലൂടെയാണ് കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. ഇന്ന് രാവിലെയായിരുന്നു ഗൃഹപ്രവേശചടങ്ങ്. ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍,വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. ഏറെ വൈകാരികമായ ചടങ്ങായിരുന്നു. ചടങ്ങിനെക്കുറിച്ച് ഷാഫി പറമ്പില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഏവരുടേയും കണ്ണ് നനക്കുന്നതായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കിച്ചു നീ ഇത് കാണുന്നുണ്ടോ ?
അമ്മയും അച്ഛനുമൊക്കെ പുതിയ വീട്ടിലേക്ക് മാറിയത് .
നീ ഉണ്ടാക്കിയ വീടാണിത് .. നീ ഞങ്ങളെയൊന്നും അറിയിക്കാത്ത കഷ്ടപാടുകള്‍ക്കിടയിലും പിടിച്ച പതാകയുടെ തണലാണിത് .
നിന്നെ ഇളം പ്രായത്തില്‍ കൊന്നവര്‍ക്കറിയില്ല നീ അനശ്വരനാണെന്ന് ..നിന്റെ വീടിന്റെയും നാടിന്റെയും പ്രസ്ഥാനത്തിന്റെയും സ്വപ്നങ്ങള്‍ അന്യം നിന്ന് പോവില്ലെന്ന് .
നീ ഇത് കാണണേ കിച്ചു ..
നീ അമ്മയെ ആശ്വസിപ്പിക്കണേ .. പെറ്റ വയറിന് ,വേറെയാരും..ഒരു സൗകര്യങ്ങളും ,നിനക്ക് പകരമാവില്ലെങ്കിലും ഹൈബിയെ പോലെ കുറെ മക്കള്‍ അമ്മയ്ക്കുണ്ടാവുമെന്ന് പറയണം .
കമിഴ്ന്ന് കിടന്നാലും ആകാശം കാണണ ആ പഴയ വീട്ടില്‍ നീയുണ്ടെങ്കില്‍ അത് തന്നെയാവും അമ്മക്ക് സ്വര്‍ഗ്ഗം .. അത് മാത്രം കഴിയുന്നില്ല കിച്ചു . നിന്നെ കൊല്ലുന്നവര്‍ക്കും അതറിയാമായിരുന്നു .. എന്നിട്ടുമവര്‍ ..

പ്രിയ ഹൈബി .. ഹൃദയത്തില്‍ ഹൈബി ഈഡന്‍ എന്നത് തെരഞ്ഞെടുപ്പ് വാചകമല്ല .. സ്‌നേഹം കൊണ്ട് ഉള്ളില്‍ കോറിയിട്ടൊരു വലിയ സത്യമാണത് . അഭിമാനമാണ് ഹൈബി ഈഡന്‍ .
കിച്ചു നീ ഇത് കാണണേ .. എപ്പഴുമെന്ന പോലെ ശരത്തിന്റെ തോളില്‍ കയ്യിട്ട് ..

SHARE