ബാലഭാസ്‌ക്കറിന്റെ സംഗീതനിശ ഏറ്റെടുത്തു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശബരീഷ് പ്രഭാകര്‍

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സംഗീതനിശ ഏറ്റെടുത്ത ശബരീഷ് പ്രഭാകറിന് വിമര്‍ശനങ്ങളുടെ പെരുമഴ. വിമര്‍ശനം കനത്തതോടെ സംഭവത്തില്‍ പ്രതികരണവുമായി ശബരീഷ് തന്നെ രംഗത്തെത്തി. താന്‍ ബാലുച്ചേട്ടന് പകരക്കാരനാവില്ലെന്ന് ശബരീഷ് പറഞ്ഞു.

ബാലുച്ചേട്ടന് പകരക്കാരനാവാന്‍ കഴിയില്ല. അദ്ദേഹം ലെജന്‍ഡ് ആണ്. വെറുമൊരു കര്‍ണാടക സംഗീതജ്ഞനായിരുന്ന തനിക്ക് വയലിനില്‍ അപാരമായ സാധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കിത്തന്നത് ബാലുച്ചേട്ടനാണെന്ന് ശബരീഷ് പ്രഭാകര്‍ പറഞ്ഞു. ബാലഭാസ്‌ക്കര്‍ തനിക്ക് സഹോദരനാണ്. ഈ സംഗീതനിശ ഏറ്റെടുത്തത് ബാലുച്ചേട്ടന്‍ മരിച്ചതിന് ശേഷമല്ല. അദ്ദേഹം അപകടം സംഭവിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഏറെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പരിപാടി ഏറ്റെടുക്കുന്നത്. നമ്മുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ നമ്മള്‍ സഹായിക്കില്ലേയെന്നും ശബരീഷ് ചോദിക്കുന്നു.

പ്രളയദുരന്തത്തില്‍ പെട്ട കേരളത്തിനെ സഹായിക്കാനുള്ളതാണ് പരിപാടി. പ്രതിഫലം വാങ്ങാതെയാണ് അതില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അത് ബാലുച്ചേട്ടനൊടുള്ള കടമയാണ്. വൈകാരികമായി പ്രതികരിക്കുന്നവര്‍ അത് മനസ്സിലാക്കുന്നില്ല. ടിക്കറ്റ് വിറ്റുപോയ, നിരവധി സ്‌പോണ്‍സര്‍മാര്‍ വന്ന പരിപാടിയാണത്. പരിപാടി നടത്താന്‍ വിഷമിച്ച ഘട്ടത്തിലാണ് വീട്ടുകാര്‍ തന്നെ സമീപിച്ചതെന്നും പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും ശബരീഷ് പ്രഭാകര്‍ പറഞ്ഞു.

ബാലഭാസ്‌ക്കര്‍ മരിച്ചുവെന്ന് ഉറപ്പായതോടെ സംഗീതനിശയുടെ പരസ്യചിത്രത്തില്‍ ശബരീഷിന്റെ പേരും ചിത്രങ്ങളും പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ശബരീഷ് എത്തിയത്.

SHARE