ശബരിമല: വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹരജികളില്‍ സുപ്രിംകോടതി വാദം പൂര്‍ത്തിയായി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹര്‍ജികളില്‍ വിധി പറയാന്‍ മാറ്റി. ബാക്കിയുള്ള ഹരജിക്കാരോട് വാദം എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാവിലെ 10.30ഓടെയാണ് വാദം ആരംഭിച്ചത്. ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞ ശേഷം വാദം വീണ്ടും തുടര്‍ന്നു. മൂന്നുമണിയോടെ വാദം പൂര്‍ത്തിയായി.

ശബരിമല വിധിയില്‍ എന്ത് പിഴവാണുള്ളതെന്ന് വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്തുകൊണ്ട് വിധി പുനപരിശോധിക്കണം എന്നതിലേക്ക് വാദം ഒതുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്‍.എസ്.എസിന്റെ വാദമാണ് ആദ്യം കേട്ടത്. എന്‍.എസ്.എസിനു വേണ്ടി അഡ്വ. കെ പരാശരന്‍ ഹാജരായി. തുടര്‍ന്ന് തന്ത്രിക്കായി അഡ്വ. വി ഗിരി വാദിച്ചു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അയ്യപ്പന്റെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ടാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുള്ളത്. അതാത് ക്ഷേത്രങ്ങളില്‍ തന്ത്രിക്ക് അവരുടേതായ അവകാശങ്ങളുണ്ട്. അതുകൊണ്ടു തന്നെ തന്ത്രിയാണ് പ്രതിഷ്ഠകളുടെ അധികാരിയെന്നും വി ഗിരി വാദിച്ചു.

ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്വി വാദം ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന് വേണ്ടിയാണ് ഹാജരാകുന്നതെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടിയല്ലെന്നും സിങ്വി വ്യക്തമാക്കി. തന്ത്രിക്ക് വേണ്ടി വി ഗിരി നടത്തിയ വാദങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് സിംങ്‌വിയുടെയും വാദം.

ബ്രാഹ്മണ സഭ, ആചാര സംരക്ഷണ ഫോറം എന്നിവര്‍ക്കു വേണ്ടി ശേഖര്‍ നാഫ്‌ഡെ വാദം നടത്തി. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകന്‍ വെങ്കട് രമണി ഹാജരായി. ആചാരം എന്താണെന്ന് കോടതി തീരുമാനിക്കരുതെന്ന് അഡ്വ. വെങ്കട് രമണി പറഞ്ഞു.

ഹര്‍ജി ഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ വി. രാമന്‍ വാദം ആരംഭിച്ചു. കോടതി ഇടപെടല്‍ മതാചാരത്തെ ബാധിക്കും. യുവതി പ്രവേശന വിലക്ക് അനിവാര്യമായ മത ആചാരമാണ്. ആചാരങ്ങളില്‍ ദേവപ്രശ്‌നം പ്രധാനമാണെന്നും കേരള ഹൈക്കോടതി ഇത് മുഖവിലക്കെടുക്കാറുണ്ടെന്നും അഡ്വ. വി. രാമന്‍ വാദിച്ചു.

ഒരേ വാദങ്ങള്‍ തന്നെ ഹരജിക്കാര്‍ ആവര്‍ത്തിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മപ്പെടുത്തി. ഒന്നോ രണ്ടോ വാദങ്ങളില്‍ കൂടുതല്‍ കേള്‍ക്കാന്‍ ഇനി സമയമില്ലെന്നും കോടതി വ്യക്തമാക്കി. ബി.ജെ.പി നേതാവ് രാധാകൃഷ്ണനു വേണ്ടി അഡ്വ. മോഹന്‍ പരാശരനും ഉഷ നന്ദിനിക്കു വേണ്ടി ഗോപാല്‍ ശങ്കര നാരായണനും വാദം പൂര്‍ത്തിയാക്കി. ശബരിമല വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അര്‍ഹമായ ഒരു കാര്യവും എതിര്‍ കക്ഷികള്‍ ഉന്നയിച്ചിട്ടില്ല. തുല്യതയാണ് ഈ വിധിയുടെ ആധാരം, മറിച്ച് തൊട്ടുകൂടായ്മയല്ല. തന്ത്രിയുടെ വാദങ്ങളിലുള്ളത് വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നും സര്‍ക്കാര്‍ വാദിച്ചു. അനിവാര്യമായതും അല്ലാത്തതും ആയ ആചാരങ്ങള്‍ ഏതെല്ലാമാണ് എന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ വാദം പൂര്‍ത്തിയായതോടെ കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.

SHARE