ശബരിമല യുവതീ പ്രവേശനം: വാദം പൂര്‍ത്തിയായി; ഹര്‍ജികള്‍ വിധി പറയാനായി മാറ്റി


ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹരജികളിലും വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചു. എഴുതി തയ്യാറാക്കിയ വാദങ്ങള്‍ 7 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് കോടതി നിര്‍ദേശം. ഇന്ന് വാദിക്കാന്‍ അനുവദിക്കാന്‍ ആകാത്തവര്‍ക്കാണ് എഴുതി നല്‍കാന്‍ അവസരം നല്‍കിയത്. ഇതോടെ കുംഭമാസ പൂജയ്ക്ക് മുമ്പ് വിധി ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച വാദത്തിന്‍റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്കാണ് അവസരം നല്‍കിയത്.

രണ്ടര മണിക്കൂറോളം സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ അഭിഭാഷകര്‍ വാദം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെക്ഷനില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു,കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷകന്‍ ഇന്ദിരാ ജെയ്സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.

65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത് കോടതിയിലെത്തിയത്. ഇതില്‍ വളരെക്കുറിച്ച് ഹര്‍ജികളില്‍ മാത്രം വാദം കേട്ട സുപ്രീകോടതി അവശേഷിച്ച ഹര്‍ജിക്കാരോട് അവരുടെ വാദവും നിലപാടുകളും 7 ദിവസത്തിനുള്ളില്‍ രേഖാമൂലം തരാനാണ് ആവശ്യപ്പെട്ടത്. 

പുനഃപരിശോധനാ ഹര്‍ജികൾക്കൊപ്പം റിട്ട് ഹർജികളുമാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്.

SHARE