ശബരിമല സുരക്ഷാ വലയത്തില്‍; തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് എത്തിത്തുടങ്ങി

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട ഇന്ന് തുറക്കാനിരിക്കെ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ ആദ്യം തടഞ്ഞെങ്കിലും തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വാഹനങ്ങളും കടത്തിവിട്ടു. എന്നാല്‍ 11 മണിക്ക് മാത്രമേ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തി വിടൂ എന്നാണ് പൊലീസിന്റെ നിലപാട്.

അതേസമയം, മാദ്ധ്യമ പ്രവര്‍ത്തകരെ കനത്ത പരിശോധനയ്ക്ക് ശേഷം സന്നിധാനത്തേക്ക് കടത്തിവിട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പലയിടങ്ങളിലും തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ തര്‍ക്കം നടന്നു. എന്നാല്‍ പൊലീസ് പരമാവധി സംയമനം പാലിക്കുകയാണ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമാന്‍ഡോകളും വനിതാ പൊലീസുകാരും അടക്കം 2300 പൊലീസുകാരെയാണ് ശബരിമലയിലേക്ക് നിയോഗിച്ചിരിക്കുന്നത്.