ശബരിമല നിയന്ത്രണം: ശബരിമല കര്‍മസമിതി ഗവര്‍ണറെ കാണും

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ഇന്ന് ഗവര്‍ണര്‍ പി.സദാശിവത്തെ കാണും. ഔദ്യോഗിക പരിപാടികള്‍ക്കായി ഇടുക്കിയിലുള്ള ഗവര്‍ണര്‍ ഇന്ന് രാത്രിയോടെ കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലെത്തും. ഇവിടെ വച്ച് രാത്രി എട്ട് മണിക്ക് കര്‍മസമിതിയുമായി കൂടിക്കാഴ്ച നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയെന്നാണ് വിവരം. സന്നിധാനത്ത് നെയ്യഭിഷേകം നടത്തുന്നതിന് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് ആവശ്യം.

നെയ്യഭിഷേകം ചെയ്യാനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് രാത്രി ശബരിമല പരിസരത്ത് തങ്ങാനുള്ള അനുവാദം നല്‍കണമെന്നതാണ് ബോര്‍ഡിന്റെ നിലപാട്. മാത്രമല്ല. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങാന്‍ ഗസ്റ്റ് ഹൗസ് നല്‍കാന്‍ കഴിയുന്ന സാഹചര്യം വേണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു. ഗസ്റ്റ് ഹൗസ് ബോര്‍ഡിന്റെ വരുമാന മാര്‍ഗങ്ങളിലൊന്നാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് അയ്യപ്പഭക്തര്‍ ശബരിമലയിലേക്ക് എത്തുന്നത്. പൊലീസ് നിര്‍ദേശ പ്രകാരം ഇപ്പോള്‍ ഗസ്റ്റ് ഹൗസുകള്‍ അടച്ചിട്ടിരിക്കുകയാണ്. രാത്രി എത്തുന്നവര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന കാര്യവും ഇന്ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മുന്നോട്ടു വയ്ക്കും.

അതേസമയം, ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഡി.ജി.പിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. സുരക്ഷാ ക്രമീകരണങ്ങളിലെ ശ്രദ്ധയ്‌ക്കൊപ്പം ഭക്തരുടെ കാര്യവും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.