ശബരിമല ദര്‍ശനത്തിനുപോയ കോഴിക്കോട് സ്വദേശിനിക്ക് വധഭീഷണി

കോഴിക്കോട്: ശബരിമല ദര്‍ശനത്തിനുപോയ കോഴിക്കോട് സ്വദേശിനിക്ക് വധഭീഷണി. ചേവായൂര്‍ സ്വദേശിനി ബിന്ദു തങ്കം കല്യാണിക്ക് നേരെയാണ് വധഭീഷണിയുയര്‍ന്നത്. ചൊവാഴ്ച പുലര്‍ച്ചെയാണിവര്‍ കോഴിക്കോടെത്തിയത്. താമസിച്ച് വന്നിരുന്ന വാടക വീട്ടില്‍ എത്തിയപ്പോള്‍ വീട്ടുടമ വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. വധഭീഷണിയുള്ള സാഹചര്യത്തില്‍ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.

ബിന്ദു ജോലി ചെയ്യുന്ന സ്‌കൂളിലേക്കും താമസിക്കുന്ന വാടക വീട്ടിലേക്കും ഒരു സംഘം ആളുകള്‍ മാര്‍ച്ചുനടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടത്. മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കന്‍ഡി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ബിന്ദുവിനോട് താത്കാലിക അവധിയില്‍ പ്രവേശിക്കണമെന്ന് പ്രിന്‍സിപ്പില്‍ ആവശ്യപ്പെട്ടു.

വാടക വീടൊഴിഞ്ഞ് സുഹൃത്തിന്റ വീട്ടിലേക്ക് താമസം മാറിയ ബിന്ദുവിനെതിരെ അവിടെയും പ്രതിഷേധക്കാരെത്തി. ഫഌറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമിക്കുകയും അവിടെ താമസിക്കാന്‍ ശ്രമിച്ചാല്‍ കൈ കാലുകള്‍ വെട്ടികളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കസബ പൊലീസില്‍ പരാതി നല്‍കിയത്.

SHARE