ശബരിമല: ബി.ജെ.പി പ്രക്ഷോഭം അവസാനിപ്പിക്കുന്നു

പത്തനംതിട്ട: ശബരിമലയില്‍ ബി.ജെ.പി പ്രക്ഷോഭം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതിയുടെ എല്ലാ പ്രായത്തിലുമുള്ള യുവതീ പ്രവേശന വിധിക്കെതിരെ ശബരിമലയില്‍ ബി.ജെ.പി നടത്തി വരുന്ന പ്രക്ഷോഭങ്ങള്‍ നിറുത്തിയേക്കും. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. ഹൈക്കോടതി ഇടപെടല്‍ ഭക്തര്‍ക്ക് അനുകൂലമാണെന്ന് ബി.ജെ.പി വിലയിരുത്തുന്നു.

നിലയ്ക്കല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന യുവമോര്‍ച്ച മാര്‍ച്ച് ഉപേക്ഷിച്ചു. ആചാരലംഘനം ഉണ്ടായാല്‍ മാത്രം ഇനി സമരം മതിയെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ഇനി മുതല്‍ പ്രതീകാത്മക സമരം മാത്രമായിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇത് നേരത്തെ തീരുമാനിച്ചതായിരുന്നു. കേന്ദ്രനേതൃത്വമായും ശബരിമല കര്‍മ്മസമിതിയുമായും ആലോചിച്ചാണ് തീരുമാനം. സന്നിധാനത്ത് ബി.ജെ.പി സമരം നടത്തിയിട്ടില്ല. എല്ലാ സമരവും പൂങ്കാവനത്തിന് പുറത്തായിരുന്നു. മറ്റു തീരുമാനങ്ങള്‍ കേന്ദ്രനേതൃത്വം നിയോഗിക്കുന്ന സമിതിക്കു ശേഷമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.