നേതാക്കളെ പുറത്താക്കി; എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം: ക്രിമിനലുകളായ എസ്.എഫ്.ഐക്കാരുടെ താവളമായ യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു. സ്വന്തം അണിയെ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കള്‍ കുത്തിവീഴ്ത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്, യൂണിറ്റ് പിരിച്ചുവിടാന്‍ എസ്.എഫ്.ഐ നേതൃത്വം നിര്‍ബന്ധിതമായത്.
യൂണിവേഴ്‌സിറ്റി കോളജില്‍ നിരന്തരമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് എസ്.എഫ്.ഐ ജില്ലാ നേതൃത്വം യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്.
ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന് കോളജിലെ മറ്റ് എസ്.എഫ്.ഐക്കാരായ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, വെള്ളിയാഴ്ച യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റി അത് തള്ളിയിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ എസ്.എഫ്.ഐ സംസ്ഥാന നേതാക്കള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. പിന്നാലെയാണ് കമ്മിറ്റി പിരിച്ചുവിട്ടത്. സംഭവത്തില്‍ പ്രതികളായവരെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
കോളജിലെ അക്രങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അക്രമം ഒരു കാരണവശാലും ഒരു ക്യാമ്പസിലും പ്രോത്സാഹിപ്പിക്കില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി എടുക്കണമെന്നും കുറ്റക്കാരായ ആരെയും സംരക്ഷക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തില്‍ എസ്എഫ്‌ഐയെ രൂക്ഷമായിവിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. ലജ്ജാഭാരം കൊണ്ട് തല താഴ്ന്നുവെന്നാണ് സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘അഖില്‍’ എന്ന തലക്കെട്ടോടുകൂടിയാണ് പോസ്റ്റ്.