എസ്എഫ്‌ഐ മുന്‍ നേതാവിന് പത്തുവര്‍ഷം മുമ്പുള്ള മാര്‍ക്‌ലിസ്റ്റ് തിരുത്തി നല്‍കി കാലിക്കറ്റ് സര്‍വകലാശാല


കോഴിക്കോട്: മുന്‍ എസ്എഫ്‌ഐ നേതാവിന് 10 വര്‍ഷം മുമ്പുള്ള മാര്‍ക്ക് ലിസ്റ്റ് തിരുത്തി നല്‍കി കാലിക്കറ്റ് സര്‍വ്വകലാശാല. മുന്‍ വിസിയുടെ ഉത്തരവ് തള്ളിയാണ് വനിതാ നേതാവിന് 21 മാര്‍ക്ക് ദാനം ചെയ്തത്. യൂണിവേഴ്സിറ്റിയില്‍ സ്ഥിര അധ്യാപക നിയമനതിനുള്ള ഇന്റര്‍വ്യൂവില്‍ യോഗ്യതാ പരീക്ഷയ്ക്കുള്ള ഇന്‍ഡക്സ് മാര്‍ക്ക് കൂട്ടി ലഭിക്കുന്നതിനുവേണ്ടിയാണ് മാര്‍ക്ക് ദാനം നല്‍കിയത്. ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 2009ല്‍ എം.എ പാസ്സായ മുന്‍ എസ്.എഫ്.ഐ വനിതാ സംസ്ഥാന നേതാവിനാണ് പത്തുവര്‍ഷം കഴിഞ്ഞ് 21 മാര്‍ക്ക് ദാനമായി നല്‍കിയത്.

യൂണിവേഴ്സിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകനിയമനം നേടിയിട്ടുള്ള മുന്‍ വിദ്യാര്‍ത്ഥി നേതാവിന്, സ്ഥിരം അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂവില്‍ യോഗ്യത പരീക്ഷയ്ക്കുള്ള ഇന്‍ഡക്സ് മാര്‍ക്ക് കൂട്ടി ലഭിക്കുന്നതിനുവേണ്ടിയാണ് നടപടി. 2009ല്‍ നല്‍കിയ എം.എ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് തിരികെ വാങ്ങിയ ശേഷം തിരുത്തിയ പുതിയ മാര്‍ക്ക് ലിസ്റ്റ് പരീക്ഷാ ഭവന്‍ നല്‍കുകയായിരുന്നു. സി.പി.എമ്മിന് ആധിപത്യമുള്ള സിന്‍ഡിക്കേറ്റ് നിലവില്‍ വന്നതോടെയാണ് യൂണിവേഴ്സിറ്റി റെഗുലേഷന്‍ മറികടന്നുള്ള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. 2007-2009 വര്‍ഷം സര്‍വകലാശാലയുടെ വിമന്‍സ് സ്റ്റഡീസ് വകുപ്പില്‍ എം.എ കോഴ്സിന് പഠിച്ചിരുന്ന മുന്‍ എസ്.എഫ്.ഐ സംസ്ഥാന നേതാവായിരുന്നു യുവതി.

SHARE