എസ്.എഫ്.ഐ പ്രാദേശിക നേതാവിന് വെട്ടേറ്റ സംഭവം: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളെ മേപ്പയൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എസ്.എസ്.വിഷ്ണുവിനാണ് തിങ്കളാഴ്ച്ച രാത്രിയോടെ വെട്ടേറ്റത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തന്നെ ആക്രമിച്ചത് എസ്.ഡി.പി. ഐ പ്രവര്‍ത്തകരാണെന്നും മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയതെന്നും അക്രമി സംഘത്തെ കണ്ടാലറിയാമെന്നും വിഷ്ണു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

വീട്ടിലേക്ക് വരുന്ന വരുമ്പോഴായിരുന്നു വിഷ്ണുവിനെ നേരെ ആക്രമണം നടന്നത്. പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.