കുസാറ്റില്‍ എസ്എഫ്‌ഐ അതിക്രമം , വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കളമശ്ശേരി: കൊച്ചി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടം തുടര്‍ക്കഥയാവുന്നു. ആക്രമണത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സുമിന്‍ലാലിന് ഗുരുതരമായി പരിക്കേറ്റു. തലയില്‍ ആഴത്തില്‍ മുറിവേറ്റ സുമിന്‍ലാലിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുവടിയുപയോഗിച്ചുള്ള ആക്രമണത്തില്‍ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന സുമിന്‍ലാലിനെ കുസാറ്റ് ക്യാമ്പസിലെ കുസാറ്റ് റസ്‌റ്റോറന്റ് പരിസരത്ത് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. നാലാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ യുടെ സെനറ്റ് മെമ്പറുമായ ബിനില്‍ , ഇയര്‍ബാക്കായിട്ടും സാഗര്‍ ഹോസ്റ്റലില്‍ അനതിക്യതമായി താമസിക്കുന്ന ഷാരോണ്‍ , അഭിജിത്ത് പിപി, അംജദ് സമാന്‍ എന്നിവരാണ് ആക്രമിച്ചത്. സംഭവത്തില്‍ കളമശ്ശേരി പോലീസ് IPC 308 വകുപ്പ് പ്രകാരം കേസെടുത്തു. സാഗര്‍ ഹോസ്റ്റലില്‍ തമ്പടിച്ച സെനറ്റ് മെമ്പറടക്കമുള്ള പ്രതികളെ അറസ്റ്റു ചെയ്തു.

കുസാറ്റില്‍ തുടര്‍ച്ചയായി എസ്എഫ്‌ഐ നടത്തുന്ന അക്രമങ്ങളില്‍ അധിക്യതര്‍ നടപടിയെടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും ക്യാമ്പസില്‍ മാരകായുധങ്ങളുമായി റോന്തുചുറ്റാറുണ്ട്. എസ്എഫ്‌ഐ വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന് ക്ലാസില്‍ കയറി ഭീഷണിപ്പെടുത്തുകയും പിന്നീട് എപ്പോഴെങ്കിലും തനിച്ചാവുമ്പോള്‍ ആക്രമിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. കളമശ്ശേരി പോലീസും കുസാറ്റിലെ അധിക്യതരും എസ്എഫ്‌ഐ ക്ക് വേണ്ടി ഒത്താശ ചെയ്യുകയാണെന്ന് മറ്റ് വിദ്യാര്‍ത്ഥിസംഘടന നേതാക്കള്‍ പറയുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ തെളിവോടുകൂടി പരാതി നല്‍കിയാല്‍ പോലും നടപടി ഉണ്ടാവാറില്ല.എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കുന്ന വ്യാജപരാതികളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്ഥിരമായി നടപടിയെടുക്കുകയും ചെയ്യും .അധിക്യതരുടെ ഇത്തരത്തിലുള്ള പക്ഷപാതം മൂലം ഒന്നില്‍ക്കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് കുസാറ്റില്‍ നിന്ന് പഠനമുപേക്ഷിച്ച് പോയിട്ടുള്ളത്.

SHARE