ലക്നൗ :ഉത്തര്‍പ്രദേശിലെ ബുന്ദേല്ഗഢില് പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടികള്‍ ലൈംഗികതൊഴിലില്‍ ഏര്‍പ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഖനികളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ വേതനം നല്‍കാതെ ചൂഷണം ചെയ്യുന്നതിനൊപ്പം ലൈംഗികതൊഴിലിന് നിര്‍ബന്ധിക്കുകയാണ് ഇടനിലക്കാരെന്നാണ് പുറത്തുവരുന്ന വിവരം. ഈ ചൂഷണത്തിന് ഇരയാവുന്നത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്.
ബുന്ദേല്ഗഢിലെ ചിത്രകൂട്ട് പ്രദേശത്തുള്ള പെണ്‍കുട്ടികളാണ് ലൈംഗികചൂഷണത്തിന് ഇരയാവുന്നത്. പന്ത്രണ്ടുമുതല്‍ പതിനാലു വയസ്സുവരെയുള്ള പെണ്‍കുട്ടികളാണ് കൂടുതലും ഇത്തരത്തിലുള്ള കെണിയില്‍ പെടുന്നത്. സ്കൂളില്‍ പോകാന്‍ സാഹചര്യമില്ലാത്ത കുട്ടികളുടെ ചെറിയ വരുമാനം കുടുംബത്തിന് അത്യാവശ്യവുമാണ്. ഈ സാഹചര്യങ്ങളിലാണ് ചൂഷണം നടന്നുപോരുന്നത്. 200 രൂപ മുതല്‍ 300 രൂപ വരെ നല്‍കിയാണ് ഇടനിലക്കാര്‍ ഇവരെ ലൈംഗികതൊഴിലിന് നിര്‍ബന്ധിക്കുന്നതെന്ന് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഖനികളില്‍ തൊഴിലിനാണെന്ന വ്യാജേനയും ഇടനിലക്കാര്‍ പെണ്‍കുട്ടികളെ ചൂഷണത്തിന് തട്ടിയെടുക്കുകയാണ്.
ഖനിയിലെ തൊഴിലിനാണെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോയതെന്ന് ചൂഷണത്തിനിരയായ ഒരു പെണ്‍കുട്ടി പറയുന്നു. എന്നാല്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു ഇടനിലക്കാരനെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പെണ്‍കുട്ടികള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ച് ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും ധാരണയുണ്ട്. എന്നാല്‍ അവര്‍ക്ക് ലഭിക്കുന്ന 150 രൂപ കുടുംബത്തിന് അത്യാവശ്യമാണ്. അതിനാല്‍ നിസ്സഹായരാണെന്നാണ് അവരുടെ വാദം. കൂടാതെ ലോക്ഡൗണ്‍ കൂടി വന്നതോടെ കുടുംബങ്ങളിലെ ദാരിദ്ര്യവും വര്‍ധിച്ചു.
ഈ പ്രദേശത്ത് അമ്പതോളം ഖനികളാണ് പ്രവര്‍ത്തിക്കുന്നത്. പ്രദേശവാസികളില്‍ ഭൂരിഭാഗവും ഇവിടത്തെ തൊഴിലാളികളുമാണ്. ഇവരുടെ ദാരിദ്ര്യാവസ്ഥയാണ് പലരും മുതലെടുക്കുന്നത്. അതേസമയം, ലൈംഗികചൂഷണത്തില്‍ നിന്ന് രക്ഷനേടാന്‍ ചില കൂടുംബങ്ങള് ശ്രമിക്കുന്നുമുണ്ട്.
അതേസമയം, സംഭവം ശ്രദ്ധയില്‍ പെട്ടതോടെ വിഷയത്തില്‍ ജില്ലാമജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ശേഷ് മണി പാണ്ഡെ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് ബാലാവകാശകമ്മീഷന് ചെയര്മാന് ഡോ വിശേഷ് ഗുപ്ത അറിയിച്ചു.