സെക്‌സ് ചാറ്റും വീഡിയോയുമല്ല; പൗരത്വ നിയമത്തില്‍ ബി.ജെ.പിയുടെ മിസ്‌കോള്‍ ക്യാമ്പയിന് ബദല്‍ മാഗവുമായി പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: വ്യാജ പ്രചരണവുമായി വിവാദത്തിലായ ബിജെപിയുടെ മിസ്ഡ് കോള്‍ ക്യാമ്പയിനെതിരെ പൗരത്വ ഭേദഗതി നിയമത്തിന് വിയോജിപ്പുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മിസ്ഡ് കോള്‍ ക്യാമ്പയിനുമായി വീ ദ പിപ്പിള്‍ കൂട്ടായ്മ.

നോ ടു സി.എ.എ, നോ ടു എന്‍.പി.ആര്‍, നോ ടു നാഷണ്‍വൈഡ് എന്‍.ആര്‍.സി എന്ന ഹാഷ്ടാഗോടെയാണ് ക്യാംപെയ്ന്‍. 7787060606 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ അടിക്കേണ്ടത്. ക്യാംപെയ്‌ന് വലിയ പിന്തുണയാണ് സോഷ്യല്‍മീഡിയില്‍ ലഭിക്കുന്നത്. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് അടക്കമുള്ള നിരവധി പ്രമുഖര്‍ പ്രതിഷേധ ക്യാമ്പയിന് പിന്തുണയുമായി രംഗത്തെത്തി.

ഫ്രീ നെറ്റ്ഫഌക്‌സുമില്ല, ഏകാന്തത അനുഭവിക്കുന്നവരുമില്ല, സി.എ.എയ്ക്കും, എന്‍.ആര്‍.സിയ്ക്കും എന്‍.പി.ആറിനും എതിരുള്ളവര്‍ മാത്രമാണ് എന്ന അടിക്കുറിപ്പോടെയായിരുന്നു യോഗേന്ദ്ര യാദവ് ക്യാംപെയ്‌നിന് പിന്തുണ നല്‍കി ട്വീറ്റ് ചെയ്തത്.

https://twitter.com/_YogendraYadav/status/1213774641455648768

നേരത്തെ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും മിസ്ഡ് കോള്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ നല്‍കിയിരുന്ന നമ്പര്‍ പോണ്‍ സൈറ്റുകളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ ഭൂരിഭാഗം പേരും അനുകൂലിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ബിജെപിയുടെ ഉടായിപ്പ് ശ്രമം വന്‍ വിമര്‍ശനമാണ് നേരിട്ടത്. ബിജെപി ആരംഭിച്ച മിസ്ഡ് കോൾ ക്യാംപെയിനെ വിമർശിച്ച് ബോളിവുഡ് താരം സ്വര ഭാസ്കർ അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്‌.

ട്വിറ്ററില്‍ വ്യാപകമായി പരിഹസിക്കപ്പെട്ട ചില ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സ്വര ഭാസ്‌കറിന്റെ ട്വീറ്റ്. ഒരിക്കലും ഒരു മിസ്ഡ് കോൾ ക്യാംപെയിനെ വിശ്വസിക്കരുതെന്ന് സ്വര ട്വിറ്ററിൽ കുറിച്ചു. പരാജയം എന്നൊരു ഹാഷ് ടാഗും സ്വര ട്വീറ്റിനൊപ്പം ‌ചേർത്തിട്ടുണ്ട്.

സെക്‌സ് ചാറ്റിന് ക്ഷണിച്ചും വീഡിയോ കോളിനും വേണോ, സൗജന്യ നെറ്റ് ഫ്‌ളിക്‌സ് വേണമെന്നുണ്ടോ? എന്നെ ഇഷ്ടപ്പെട്ടെങ്കില്‍ വിളിക്കണം ബോറടിച്ചിരിക്കയാണ് വിളിക്കണം തുടങ്ങിയ നിരവധി കുറിപ്പുകളോടെയാണ് പൗരത്വ നിയമത്തെ പിന്തുണക്കാനായി ബി.ജെ.പി ദേശീയ നേതൃത്വം തയ്യാറാക്കിയ ടോള്‍ ഫ്രീ നമ്പര്‍ കൊടുത്തിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്പോള്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ കൂട്ടുന്നതിന്റെ ഭാഗമായി സി.എ.എ അനുകൂല ടോള്‍ ഫ്രീ നമ്പറുമായി ബി.ജെ.പി രംഗത്ത് വന്നിരുന്നു. ടോള്‍ ഫ്രീ നമ്പറില്‍ മിസ് കോള്‍ അടിച്ചാല്‍ പൗരത്വ നിയമത്തിന് പിന്തുണയാകുമെന്നാണ് ബിജെപി അറിയിച്ചിരുന്നത്.