കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ ഏഴ് ജില്ലകളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഇത് വരെ സംസ്ഥാനം നടപ്പാക്കിയിട്ടില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴ് ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിട്ടെന്ന തരത്തിലുള്ള പ്രഖ്യാപനം ശരിയല്ല.ഏഴ് ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍കോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ നിര്‍ദ്ദേശിച്ചു. ജനത കര്‍ഫ്യൂ ആചരിക്കുന്നതിന്റെ ഭാഗമായി രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയിരുന്നു.