പട്ടിണി രാജ്യങ്ങളുടെ മുന്‍നിരയിലെത്തിയ ഇന്ത്യ

പരമ ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിക്കുകയാണ്. രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. തൊഴിലില്ലായ്മ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ജന ജീവിതത്തെ ഗ്രസിക്കുന്നു. അതോടൊപ്പം നിഴല്‍പോലെ ദാരിദ്ര്യവും പടി കടന്നെത്തി കഴിഞ്ഞു. രാജ്യാന്തര സന്നദ്ധസംഘടനകളായ കണ്‍സേണ്‍ വേള്‍ഡ്വൈഡ്, വെല്‍ത് ഹംഗര്‍ ലൈഫ് എന്നിവ സംയുക്തമായി പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ദയനീയ സ്ഥിതിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. പട്ടിണിയില്‍ ഇന്ത്യ 2014ല്‍ 55-ാം സ്ഥാനത്തായിരുന്നു. ഇക്കൊല്ലം 102-ാം സ്ഥാനത്തേക്കാണ് രാജ്യം കൂപ്പുകുത്തിയത്. ആകെ 117 രാജ്യങ്ങളുള്ള പട്ടികയില്‍ ഉഗാണ്ട, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഹെയ്ത്തി, യമന്‍, ലൈബീരിയ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങി 15 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. പാകിസ്താനും ബംഗ്ലാദേശും പോലും ഇന്ത്യക്ക് മുന്നിലാണ്.
ഇത് കൂടുതല്‍ ശരിവെക്കുകയാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ ദാരിദ്ര്യം വര്‍ധിക്കുകയാണെന്നാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റൈനബിള്‍ ഡവലപ്മെന്റ് ഗോളിന്റെ മാനദണ്ഡമനുസരിച്ച് നടത്തിയ പഠനത്തിലാണ് രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ 2018 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പട്ടിണി കൂടുതലായതായി റിപ്പോര്‍ട്ട് ചെയ്തത്. ബിഹാര്‍, ഒഡീസ സംസ്ഥാനങ്ങളിലാണ് പട്ടിണി ഏറ്റവും കൂടുതലായി വര്‍ധിക്കുന്നത്. ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, അസം, പശ്ചിമബംഗാള്‍ എന്നിവയാണ് പട്ടിണിയുടെ ആധിക്യം കൂടുന്ന സംസ്ഥാനങ്ങള്‍. 12 പോയിന്റുകളുടെ കുറവാണ് വിവിധ സൂചികകളുടെ അടിസ്ഥാനത്തില്‍ ബിഹാറിലും ഒഡീസയിലും ഉണ്ടായത്. ആന്ധ്രപ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇക്കാലയളവില്‍ പട്ടിണി കുറഞ്ഞത്. 2015ല്‍ യു.എന്‍ തയ്യാറാക്കിയ വികസന മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പഠനമാണ് 2018 ല്‍ നീതി ആയോഗ് നടത്തിയത്. ആറ് വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന ചൂണ്ടുപലകയാണ് റിപ്പോര്‍ട്ട്. എന്നാല്‍ പട്ടിണിയും ദാരിദ്ര്യവും അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളായി കേന്ദ്ര ഭരണകൂടത്തിന്റെ പരിഗണയിലില്ല. രാജ്യത്തെ പട്ടിണി വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നുവെന്ന രാജ്യാന്തര സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത്‌വന്നത് കഴിഞ്ഞ ഒക്ടോബറിലാണ്. ചെലവ് ചുരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതും കഴിഞ്ഞ ഒക്ടോബറിലാണ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ധനകാര്യ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെങ്കിലും ചെലവു ചുരുക്കലുമായി മുന്നോട്ടു പോകുകയാണ്. ജി.ഡി. പി വളര്‍ച്ച പ്രത്യക്ഷമാകുന്നതുവരെ ചെലവ് ചുരുക്കല്‍ നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. സര്‍ക്കാരിന്റെ നടപടി കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് സാമ്പത്തിക വിദഗ്ധരാകെ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ലോകം സാമ്പത്തിക മാന്ദ്യത്തില്‍ ആഴ്ന്നപ്പോള്‍ യു.പി.എ സര്‍ക്കാര്‍ നിര്‍ലോഭമായി പണം ചെലവഴിച്ചാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തി പ്രകാശിപ്പിച്ചത്.
അഞ്ച് ലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ എത്തിക്കുകയെന്ന പ്രഖ്യാപനം നടത്തിയശേഷം പട്ടിണിയിലേക്ക് രാജ്യത്തെ നടത്തിക്കുകയാണ് മോദി സര്‍ക്കാര്‍. അഞ്ച് ലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥക്ക് ആറ് വര്‍ഷത്തെ അവധി കൂടി പ്രധാനമന്ത്രി എടുത്തിട്ടുണ്ട്. എന്നാല്‍ ലക്ഷ്യമിടുന്ന സാമ്പത്തിക വ്യവസ്ഥയിലേക്ക് എത്തിപ്പെടാന്‍ രാജ്യത്തെ പാകപ്പെടുത്തുന്നതിന്പകരം എതിര്‍ദിശയിലേക്ക് ഗതി തിരിച്ചുവിടുന്ന വൈരുധ്യ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോര്‍പറേറ്റുകളിലും സ്വകാര്യ, വിദേശ നിക്ഷേപങ്ങളിലും കണ്ണുംനട്ട്, കക്ഷത്തിരിക്കുന്നത് നദിയില്‍ വലിച്ചെറിയുകയും സാധാരണക്കാരെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്. സ്വകാര്യ നിക്ഷേപം ഏറ്റവും കുറവ് രേഖപ്പെടുത്തിയ സാമ്പത്തിക വര്‍ഷമാണ് കടന്നുപോകുന്നത്.
കോര്‍പറേറ്റുകള്‍ക്ക് ഗണ്യമായ ആനുകൂല്യങ്ങള്‍ നല്‍കിയതിലൂടെ പ്രതീക്ഷിച്ച നികുതി വിരുമാനം നേടാന്‍ ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാരിനാകില്ല. ഇതിന് പരിഹാരമായാണ് ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത്. ധനക്കമ്മി ജി.ഡി.പിയുടെ 3.8 ശതമാനമായി പിടിച്ചുനിര്‍ത്തുകയാണ് ലക്ഷ്യം. സാമ്പത്തിക മാന്ദ്യം പ്രതിസന്ധിയിലെത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ജി.ഡി.പി വളര്‍ച്ച താഴോട്ടാണ്. ഇപ്പോള്‍ അഞ്ച് ശതമാനം സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിലും താഴെയാണ് വളര്‍ച്ചാനിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. കോര്‍പറേറ്റുകള്‍ക്ക് ഒന്നര ലക്ഷം കോടിയുടെ നികുതി ഇളവുകള്‍ നല്‍കിയും അവരുടെ നികുതി 35 ശതമാനത്തില്‍നിന്ന് 25 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചും പരമാവധി പ്രീണനം നടത്തിയിട്ടും നിക്ഷേപം കാര്യമായുണ്ടാകുന്നില്ല. അതേസമയം രണ്ട് ലക്ഷത്തിലേറെ കോടിയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. ഈ സാമ്പത്തിക വര്‍ഷം ചെലവ് രണ്ട് ലക്ഷം കോടി കുറയ്ക്കാനുള്ള തീരുമാനവും നികുതി വരുമാനത്തിലെ കുറവും പരസ്പരപൂരിതമാണ്. 2018-19ല്‍ 20.80 ലക്ഷം കോടി രൂപയായിരുന്നു ആകെ നികുതി വരുമാനം. ഈ സാമ്പത്തിക വര്‍ഷം 18.32 ശതമാനം വളര്‍ച്ചയോടെ 24.61 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യമിട്ട നികുതി. എന്നാല്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സര്‍ക്കാരിന് ലക്ഷ്യത്തിന്റെ 50 ശതമാനംപോലും കടക്കാനായില്ല. മൂന്ന് മാസം മാത്രമാണ് മുന്നിലുള്ളത്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ തകര്‍ന്നതും വ്യാപാര മേഖല മാന്ദ്യത്തിലമര്‍ന്നതും കാര്‍ഷിക നഷ്ടവും ഒത്തുചേര്‍ന്നപ്പോള്‍ നികുതി വരുമാനം വളര്‍ച്ചയില്‍നിന്ന് തളര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. നോട്ട് നിരോധനം, അനവസരത്തിലുള്ള ജി.എസ്.ടി നടപ്പാക്കല്‍ എന്നിവ സൃഷ്ടിച്ച തിരിച്ചടിയില്‍നിന്ന് രാജ്യം എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ചെലവ് ചുരുക്കി സര്‍ക്കാര്‍ തലയ്ക്കടിക്കുന്നത്.
സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചെലവ് ലക്ഷ്യത്തിന്റെ 50 ശതമാനമായി കുറക്കാനാണ് നീക്കം. നവംബറില്‍ 35 ഉം ഡിസംബറില്‍ 40 ഉം ശതമാനമാണ് ചെലവിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഇത് രാജ്യത്തെ പണലഭ്യതയില്‍ വിപരീത സ്വാധീനമാണ് സൃഷ്ടിക്കുക. സാധാരണക്കാരനിലേക്ക് കൂലിയിനത്തില്‍ എത്തേണ്ട പണമാണ് സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് ഇത് സൃഷ്ടിക്കുന്ന സാമ്പത്തികാവസ്ഥയുടെ ഗൗരവാവസ്ഥ വ്യക്തമാകുക. സാധാരണക്കാരുടെ പോക്കറ്റിലേക്ക് എത്തേണ്ട ചില്ലറ തുട്ടുകള്‍ മൊത്തമായി കോര്‍പറേറ്റുകള്‍ക്ക് ദാനം നല്‍കുക കൂടി ചെയ്തിരിക്കുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ ആറ് വര്‍ഷത്തെ ഭരണം കൊണ്ട് പട്ടിണി രാജ്യങ്ങളുടെ മുന്‍നിരയില്‍ സീറ്റുറപ്പിച്ചു. ഒന്നാം സ്ഥാനത്തേക്കുള്ള ദൂരമാണ് ഇപ്പോള്‍ താണ്ടുന്നത്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സാമ്പത്തിക വിദഗ്ധരുടെ യോഗത്തില്‍ പങ്കെടുക്കാതെ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുക്കുന്ന ധനമന്ത്രി കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് തന്നെ അനുമാനിക്കണം.