കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് രഹ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.

എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നും തടയണമെന്നുമായിരുന്നു രഹ്നയുടെ ആവശ്യം. ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

‘ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടോടെ രഹന ഫാത്തിമ തന്നെയാണ് സ്വന്തം മക്കള്‍ തന്റെ ദേഹത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്ന് കാണാന്‍ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പില്‍ രഹ്ന അവകാശപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഇവരുടെ നടപടിക്കെതിരെ വനിതാ കമ്മിഷനും രംഗത്തെത്തിയിരുന്നു.

SHARE