ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ ഹിന്ദു-മുസ്‌ലിം വിഭജനം; പ്രത്യേക വാര്‍ഡുകള്‍!

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലില്‍ കോവിഡ് ചികിത്സയില്‍ മതത്തിന്റെ പേരില്‍ വിവേചനമെന്ന് ആരോപണം. ആശുപത്രിയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രത്യേക വാര്‍ഡ് ഉണ്ടെന്ന് ദേശീയ മാദ്ധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തില്‍ രോഗികളെ വിഭജിച്ചു കിടത്തിയത് എന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗുണവന്ത് എച്ച് റാത്തോഡ് പറഞ്ഞു.

കോവിഡ് ചികിത്സയ്ക്കായി 1200 ബെഡുകളുള്ള ആശുപത്രിയാണിത്. എന്നാല്‍ സംഭവം ഉപമുഖ്യന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ നിഷേധിച്ചു. ഈ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 186പേരില്‍ 150 പേരുടെയും കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ഇതില്‍ 40പേര്‍ മുസ്‌ലിംകളാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേക്കുറിച്ച ഒരു രോഗി പറഞ്ഞതിങ്ങനെ; ‘ആദ്യത്തെ വാര്‍ഡില്‍ (എ-4) അഡ്മിറ്റ് ചെയത 28 പുരുഷന്മാരെ ഞായറാഴ്ച രാത്രി വിളിച്ചു. ഞങ്ങളെ മറ്റൊരു വാര്‍ഡിലേക്ക് (സി-4) മാറ്റി. എന്തിനാണ് മാറ്റുന്നത് എന്നു പറഞ്ഞില്ല. വിളിക്കപ്പെട്ട എല്ലാ പേരുകളും പ്രത്യേക സമുദായത്തില്‍പ്പെട്ടതായിരുന്നു. ആശുപത്രിയിലെ ഒരു ജീവനക്കാരനോട് ഇതേക്കുറിച്ച് ഇന്ന് സംസാരിച്ചു. ഇരു സമുദായങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇതു ചെയ്തത് എന്നാണ് അദ്ദേഹം പറഞ്ഞത്’