ശ്രീനഗര്‍: കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപിക്കപ്പെടുന്ന ദേവീന്ദര്‍ സിങെന്ന് റിപ്പോര്‍ട്ട്.
ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അല്‍താഫ്, ലഷ്കറെ ത്വയിബ കമാന്‍ഡര്‍ നവീദ് ബാബു എന്നിവര്‍ക്കൊപ്പം ഇന്നലെ അറസ്റ്റിലായ ഡി.എസ്.പി ദേവീന്ദര്‍ സിങിനെ കുറിച്ചുള്ള നിഗൂഡതകളാണ് പുറത്താവുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതി ചേര്ക്കപ്പെട്ടവരുമൊത്ത് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാന്‍ നിര്‍ദേശിച്ചുവെന്ന് അഫ്സല് ഗുരു കത്തിലൂടെ വെളിപ്പെടുത്തിയ ദേവീന്ദര്‍ സിങാണ് ഇപ്പോള്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനിടയില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലാവുന്നത്.
2013ല്‍ അഫ്സുല്‍ ഗുരു എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ഡല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.
ഭീകരര്‍ക്കൊപ്പം മുതിര്‍ന്ന പോലീസുകാരനും ഉള്‍പ്പെട്ടത് പൊലീസിന്റെ വേട്ടയെ സങ്കീര്‍ണമാക്കുന്നുണ്ട്. കാറിന്റെ ഡ്രൈവര്‍ ഇര്‍ഫാനും സംശയത്തിന്റെ നിഴലലാണ്. കാറില്‍ ആയുധങ്ങളുമായി സംഘം ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ആശങ്കയുണ്ട്. ഭീകര സംഘത്തില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ഭീകരാക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടിരിക്കുമെന്ന് ആശങ്കയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും കണ്ടെടുത്തായും പോലീസ് പറഞ്ഞു. ഐ 10 കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു തീവ്രവാദികളെ പിടികൂടിയതെന്നാണ് കശ്മീര്‍ സുരക്ഷാ ഗ്രിഡിലെ വൃത്തങ്ങള്‍ അറിയിക്കുന്നത്. കുല്‍ഗാമിലെ മിര്‍ ബസാറില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് ഭീകരരെ തിരിച്ചറിയുകയായിരുന്നു.
തുടര്‍ന്ന് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിനിടെ 5 ഗ്രനേഡുകളും 3 എ.കെ47 തോക്കുകളും കണ്ടെടുത്തുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പോലീസ് ഉദ്യോഗസ്ഥന് ഭീകരര്‍ക്കൊപ്പം കസ്റ്റഡിയിലായ വിവരത്തെപ്പറ്റി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.
ക്വാസിഗണ്ട് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു. രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതായി ഡിഎസ്പി ദേവീന്ദര്‍ സിംഗ് അവകാശപ്പെട്ടതായാണ് വിവരം. എന്നാല്‍ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കീഴടങ്ങുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ജമ്മുവിലെ ഒരു ക്യാമ്പിലേക്ക് പോകുകയാണെന്നാണ് ഇരുവരും പറഞ്ഞത്.
കശ്മീരിലെ ഷോപിയാന്‍ മേഖലയില്‍ നിന്നും നവീദ് ബാബുവിനെയും അല്‍ത്താഫിനെയും പുറത്തെത്തിക്കാന്‍ ഡി.എസ്.പി സഹായിക്കുന്നുണ്ടെന്ന് സംശയത്തെ തുടര്‍ന്നാണ് ഡി.ഐ.ജി അതുല്‍ ഗോയലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷന് വഴിയാണ് ദേവീന്ദര്‍ സിങിനെയും മറ്റുള്ളവരെയും പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് രാഷ്ട്രപതിയില്‍ നിന്ന് ദേവേന്ദ്രസിങ് ധീരതയ്ക്കുള്ള മെഡല്‍ സ്വീകരിച്ചത്.
അഫ്സല് ഗുരു 2013 ല്‍ എഴുതിയ കത്തിലൂടെയാണ് ദേവീന്ദര്‍ സിങ് വാര്‍ത്താ പ്രാധാന്യം നേടിയത്. ഇപ്പോള്‍ കശ്മീര്‍ പോലിസില്‍ ഡെപ്യൂ. സൂപ്രണ്ട് ഓഫ് പോലിസ് ആയ രവീന്ദറിന് ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചുമതലയാണ് ഉണ്ടായിരുന്നത്. കശ്മീര്‍ സ്പെഷ്യല്‍ ഫോഴ്സിന് കീഴില്‍ ഡി.എസ്.പി ആയിരുന്നു അന്ന് ദേവീന്ദര്‍ സിങ്. പൊലീസ് ക്യാമ്പില്‍ വെച്ച് ദേവീന്ദര്‍ സിങില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ കൂടി നേരിടേണ്ടി വന്നിരുന്നെന്നും അഫ്സുല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.
ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിങ് വിരുദ്ധ സ്ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര സിങ്. 1990 കൾ മുതൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഡിഎസ്പി സിംഗ് കശ്മീരിലെ ഭീകരവിരുദ്ധ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു.