ഹൈക്കോടതി വിര്‍ച്വല്‍ ഹിയറിങിനിടെ പുകവലിച്ച് മുതിര്‍ന്ന അഭിഭാഷകന്‍; വിവാദമായി വീഡിയോ
ജയ്പൂര്‍: രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിര്‍ച്വല്‍ ഹിയറിംഗിനിടെ പുകവലിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വീഡിയോ വിവാദമാവുന്നു.
ആറ് ബിഎസ്പി എംഎല്‍എമാരെ കോണ്‍ഗ്രസുമായി ലയിപ്പിച്ചതിനെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജയ്പൂര്‍ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെയാണ് വിവാദ സംഭവം ക്യാമറയില്‍ പതിഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന വിര്‍ച്വല്‍ ഹിയറിങിനിടെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിക്കുന്നതിനിടെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ മുഖത്തിന് മുന്നില്‍ ഒരു കൂട്ടം പേപ്പറുകള്‍വെച്ച് പുകവലിച്ചത്. പേപ്പറുകള്‍ക്ക് പുറത്തേക്ക് പുക വളയങ്ങളായി വരുന്നത് വീഡിയോയില്‍ വ്യക്തമായതോടെയാണ് സംഗതി പുറത്തായത്. വാദം നടക്കുന്നതിനിടെ അഭിഭാഷകന്‍ രാജീവ് ധവന്റെ വീഡിയോ പെട്ടെന്ന് അപ്രത്യക്ഷമായതായും വക്കീല്‍ വീഡിയോ ഓഫാക്കിയിട്ടുണ്ടോ എന്നും രാജസ്ഥാന്‍ ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനു പിന്നാലെ രാജീവ് ധവാന്‍ വീഡിയോയില്‍ പ്രത്യക്ഷമായപ്പോളാണ് പുകവലി രഹസ്യം പുറത്തായത്.
കൊറോണ വൈറസ് ലോക്ക്ഡൗണിന് പിന്നാലെ കോടതികള്‍ ഓണ്‍ലൈനിലേക്ക് നീങ്ങിയ വേളയില്‍, പൊതു ഹിയറിംഗുകള്‍ കണക്കിലെടുത്ത് ‘മിനിമം കോടതി മര്യാദകള്‍’ പാലിക്കണമെന്ന് നേരത്തെ തന്നെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ജൂണില്‍, ഒരു അഭിഭാഷകന്‍ കിടക്കയില്‍ കിടന്ന് ടി-ഷര്‍ട്ട് ധരിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ വെര്‍ച്വല്‍ ഹിയറിംഗിന് ഹാജരായതും വിവാദമായിരുന്നു. എന്നാല്‍ രാജീവ് ധവാന്‍ ഹുക്കയാണ് വലിച്ചതെന്നും വെര്‍ച്വല്‍ ഹിയറിംഗിനിടെ പുകവലിച്ച സംഭവം കോടതിയുടെ നോട്ടീസിന് കാരണമാവോ എന്നത് വ്യക്തമല്ല. എതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.