“അതിര്‍ത്തിയിലെ കാര്യം എല്ലാവര്‍ക്കും അറിയാം, സന്തോഷമായിരിക്കൂ”; അമിത് ഷായെ ആവോളം പരിഹസിച്ച് രാഹുല്‍ ഗാന്ധി

അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ നയത്തെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ആവോളം പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞടുപ്പ് റാലിയല്ലെന്നും കോവിഡെതിരായ പ്രചരണമാണെന്നും കാണിച്ച് കഴിഞ്ഞ ദിവസം ബിജെപിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ‘ബീഹാര്‍ ജന്‍സാംവാദ് റാലി’യിലെ തെരഞ്ഞടുപ്പ് പ്രചരണത്തെ പരിഹസിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഇന്ത്യയുടെ പ്രതിരോധ നയം ശക്തമാണെന്നും അതിര്‍ത്തികള്‍ എങ്ങനെ സംരക്ഷിക്കാമെന്ന് രാജ്യത്തിന് അറിയാമെന്നുമാണ് അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞത്.

എന്നാല്‍, അതിര്‍ത്തിയില്‍ സംഭവിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു രാഹുലിന്റെ തിരിച്ചടി.
ഹൃദയത്തെ സന്തോഷകരമായി നിലനിര്‍ത്താന്‍, ഈ ചിന്ത നല്ലതാണെന്നും രാഹുല്‍ പരിഹസിച്ചു. ഇന്ത്യയുടെ പ്രതിരോധ നയം ആഗോള സ്വീകാര്യത നേടിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞ വാര്‍ത്ത ടാഗ് ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസ ട്വീറ്റ് വന്നത്. യുഎസ്എയ്ക്കും ഇസ്രയേലിനും ശേഷം അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും രാജ്യമുണ്ടെങ്കില്‍ അത് ഇന്ത്യയാണെന്ന് ലോകം മുഴുവന്‍ സമ്മതിക്കുന്നതായും ഷാ അവകാശപ്പെട്ടിരുന്നു.

എന്നാല്‍, അതിര്‍ത്തിയെ ‘സീമാ’ അമിത് ഷായെ ‘ഷാ-യാദ്’ എന്നും അടയാളപ്പെടുത്തിയായിരുന്നു രാഹുലിന്റെ ട്രോള്‍.

ഇന്നലെ നടന്ന ബിജെപിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് റാലിയില്‍ വലിയ അവകാശ വാദങ്ങളാണ് ഷാ നടത്തിയത്. രാജ്യത്തെ ഒന്നേകാല്‍ കോടി കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളില്‍ എത്തിച്ചതായും കോണ്‍ഗ്രസിന് സാധിക്കാത്ത ദാരിദ്ര നിര്‍മാര്‍ജ്ജനം പട്ടിണി തുടച്ചുനീക്കി മോദി ഭരണം നടപ്പാക്കിയെന്നും ഷാ അവകാശപ്പെട്ടു.
കോണ്‍ഗ്രസ് ഭരണ കാലത്ത് ീവ്രവാദികള്‍ അതിര്‍ത്തി കടന്നെന്നും ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും നിലവിലെ സാഹചര്യങ്ങളെ മറച്ചുവെച്ച് ഷാ അഭിപ്രായപ്പെട്ടു.

അതേസമയം, പുല്‍വാമക്കും കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈനീസ് സൈനികരുടെ ഏറ്റുമുട്ടലും വാര്‍ത്തയാവുന്ന സാഹചര്യത്തെ ചൂണ്ടിയാണ് രാഹുല്‍ ഗാന്ധി അമിത് ഷായെ തിരിച്ചടിച്ചത്.