ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച

വാഷിങ്ടണ്‍: ഫേസ്ബുക്കിന്റെ അഞ്ച് കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ സുരക്ഷാപിഴവ് സംഭവിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിന്റെ ഒരു ഫീച്ചറില്‍ വന്ന കോഡിങ് പഴുതാണ് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടുകളില്‍ കയറാന്‍ സൗകര്യമൊരുക്കിയത്. ചൊവ്വാഴ്ചയാണ് സുരക്ഷാ പ്രശ്‌നം എഞ്ചിനീയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടതെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

സുരക്ഷാവീഴ്ചയുണ്ടായ ഏതെങ്കിലും അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തതായി അറിയില്ല. ലോകവ്യാപകമായി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന് ഫേസ്ബുക്ക് നിരന്തര ആക്രമണം നേരിടുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സ്വന്തം പ്രൊഫൈല്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ എങ്ങനെയിരിക്കുമെന്ന് ഉപയോക്താവിന് മനസ്സിലാക്കാന്‍ സഹായിക്കുന്ന വ്യൂ ആസ് എന്ന ഫീച്ചറിന്റെ കോഡിങ് പിഴവാണ് ഹാക്കര്‍മാര്‍ മുതലെടുത്തത്. ഇതുവഴി ഫേസ്ബുക്ക് ആക്‌സസ് ടോക്കണ്‍ ഹാക്കര്‍മാര്‍ കൈക്കലാക്കി. അഞ്ചുകോടി പ്രൊഫൈലുകളുടെ ഡിജിറ്റല്‍ കീ ആണ് ഇങ്ങനെ ഹാക്കര്‍മാര്‍ സ്വന്തമാക്കിയത്. ഇതുപയോഗിച്ച് ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഏറ്റെടുത്ത് വിവരങ്ങള്‍ ചോര്‍ത്തുകയും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഫേസ്ബുക്കിന്റെ പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഗയ് റോസന്‍ ആണ് വിവരം പുറത്തുവിട്ടത്. സംഭവം വാര്‍ത്തയായതോടെ ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ മൂന്ന് ശതമാനം ഇടിവുണ്ടായി. പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്. വ്യൂ ആസ് ഫീച്ചര്‍ താല്‍ക്കാലികമായി എടുത്തുമാറ്റിയിരിക്കുകയാണ്. പൂര്‍ണമായും സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇനി ഇത് ഉപയോഗിക്കൂ. സംശയമുള്ള നാല് കോടി അക്കൗണ്ടുകള്‍ ലോഗൗട്ട് ചെയ്തിട്ടുണ്ട്.

SHARE