ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Respected Images

മുംബൈ: ബിഹാറി യുവതി നല്‍കിയ ലൈംഗിക പീഡന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.
ഇന്നലെ കേസ് പരിഗണിച്ച ദിന്‍ഡോഷി സെഷന്‍സ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയും അതുവരെ ബിനോയിയെ അറസ്റ്റു ചെയ്യുന്നത് വിലക്കുകയുമായിരുന്നു. പരാതിക്കാരിക്ക് കൂടുതലായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ കോടതി ഇന്നലെ ആവശ്യപ്പെട്ടു. അതനുസരിച്ച് യുവതിയുടെ അഭിഭാഷക പുതിയ വാദങ്ങള്‍ എഴുതി നല്‍കി. യുവതിയുടെ അഭിഭാഷകൻ ഹാജരാക്കിയ തെളിവുകൾക്ക് പ്രതിഭാഗം ഇന്ന് കോടതിയിൽ മറുപടി നൽകും.

ബിനോയ് സ്വന്തം ഇ-മെയിലിൽ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബായ് സന്ദർശിച്ച് മടങ്ങിയത് തെളിയിക്കുന്ന പാസ്പോർട്ട് രേഖകളാണ് യുവതി ഇന്നലെ  കോടതിയിൽ ഹാജരാക്കിയത്. ബിനോയ്ക്കെതിരെ ദുബായിയിൽ ക്രിമിനൽ കേസുള്ളതും യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങൾക്കാണ് വിശദമായ മറുപടി  പ്രതിഭാഗം ഇന്ന് മൂന്ന് മണിക്ക് നൽകുക. 

വിവാഹ വാഗ്ദാനം നല്‍കി അഞ്ചു വര്‍ഷത്തോളം പീഡിപ്പിച്ച ശേഷം തന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചെന്നാരോപിച്ചാണ് ബിനോയ് കോടിയേരിക്കെതിരെ ദുബൈയില്‍ ഡാന്‍സ്ബാറില്‍ നര്‍ത്തകിയായിരുന്ന യുവതി മുംബൈ പൊലീസിനെ സമീപിച്ചത്. ഇരുവിഭാഗത്തിന്‍റെയും വാദവും സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുക. ബിനോയിക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ഉടൻ അറസ്റ്റിലേക്ക് കടക്കാനാണ് മുംബൈ പൊലീസിന്റെ നീക്കം