മുംബൈയില്‍ നാടകീയ രംഗങ്ങള്‍; ഡി.കെ ശിവകുമാര്‍ മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

മുംബൈ: കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ അവസാനിക്കുന്നില്ല. വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ തടഞ്ഞതിന് പിന്നാലെ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിന് 500 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ജൂലൈ ഒമ്പത് മുതല്‍ 12 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ പ്രദേശത്ത് സംഘം ചേരുന്നത് ഇതുപ്രപകാരം നിരോധിച്ചു. 
വിമതരെ അനുനയിപ്പിക്കാനായി എത്തിയ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തിയിരുന്നു. ഡി.കെ ശിവകുമാറിനെതിരെ ഹോട്ടലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിവകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു. 
ഇതേ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് വിവരം. അതേസമയം ഡി.കെ. ശിവകുമാറിനോട് തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. തിരികെ പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE