രഹസ്യമായി വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും ബന്ധുക്കളും കൊലപ്പെടുത്തി കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ശീതള്‍ ചൗധരി എന്ന യുവതിയെയാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
കാമുകനായ അങ്കിത് ഭാട്ടിയും ശീതള്‍ ചൗധരിയും 2019 ഒക്ടോബറില്‍ ഡല്‍ഹിയിലെ ഒരു ആര്യസമാജ ക്ഷേത്രത്തില്‍വെച്ച് രഹസ്യമായി വിവാഹിതരായിരുന്നു. ഏകദേശം മൂന്നുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഈ വിവാഹം. ജനുവരി 20 നാണ് ശീതള്‍ ചൗധരി തന്റെ വിവാഹം കഴിഞ്ഞെന്ന വിവരം മാതാപിതാക്കളോട് പറഞ്ഞത്. ഒരിക്കലും അങ്കിത് ഭാട്ടിയുമായുള്ള ബന്ധം അംഗീകരിക്കാതിരുന്ന ഇവര്‍ ഇക്കാര്യത്തെ ചൊല്ലി യുവതിയുമായി വഴക്കിട്ടു. ഇതിനു പിന്നാലെ ജനുവരി 29നാണ് യുവതിയെ കൊലപ്പെടുത്തിയത്. ജനുവരി 29ന് രാത്രിയിലാണ് ശീതളിനെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്കി. യുവതിയുടെ മൃതദേഹം ജനുവരി 30ന് തന്നെ അലിഗഢ് പോലീസ് കനാലില്‍നിന്ന് കണ്ടെടുത്തിരുന്നു.