രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളായി; പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം- കാര്‍ഷിക, സാമ്പത്തിക മേഖലയില്‍ ഇളവുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക്ഡൗണിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയതായി മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി. പൊതുസ്ഥലത്ത് തുപ്പുന്നത് പിഴയോട് കൂടിയ കുറ്റമാക്കി മാറ്റിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ വ്യോമ, റെയില്‍, അന്തര്‍ സംസ്ഥാന യാത്രകളുണ്ടാകില്ല.

ഏപ്രില്‍ 20ന് ശേഷം ഇളവുകള്‍ ഇങ്ങനെ;

കാര്‍ഷിക മേഖല

എല്ലാ കാര്‍ഷിക വൃത്തികളിലും ഏപ്രില്‍ 20 മുതല്‍ ഏര്‍പ്പെടാം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ചെയ്യാം. അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയുടെ മന്ദികള്‍ (വിപണന കേന്ദ്രങ്ങള്‍) പ്രവര്‍ത്തിക്കും. കാര്‍ഷിക ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവയുടെ കട തുറക്കാം. കാര്‍ഷിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റം ഹൈറിങ് സെന്ററുകളും (സി.എച്ച്.സി) തുറക്കാം. വളം, വിത്ത്, കീടനാശിനി നിര്‍മാണവും വിതരണവും വില്‍പ്പനയും നടത്താം. കൊയ്ത്തു യന്ത്രങ്ങളുടെ അന്തര്‍സംസ്ഥാന കടത്ത് അനുവദിക്കും.

മത്സ്യബന്ധനം

മത്സ്യബന്ധന മേഖലയിലും ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടു. ഏപ്രില്‍ 20ന് ശേഷം മീന്‍പിടിത്തം നടത്താം. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എ്ല്ലാ കാര്യങ്ങള്‍ക്കും അനുമതി. ഹാച്ചറികളും ഭക്ഷ്യപ്ലാന്റുകലും കമേഴ്‌സ്യല്‍ അക്വേറിയകളും തുറക്കാം. മത്സ്യങ്ങളുടെ കടത്തിന് അനുമതി.
പ്ലാന്റേഷന്‍ വിഭാഗത്തില്‍ നല്‍കിയ ഇളവുകള്‍ ഇങ്ങനെ; പരമാവധി അമ്പത് ശതമാനം ജോലിക്കാരെ വച്ച് തേയില, കാപ്പി, റബര്‍ പ്ലാന്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാം. അമ്പത് ശതമാനം ജീവനക്കാരെ വച്ച് സംസ്‌കരണം, വില്‍പ്പന, പാക്കേജിങ്, മാര്‍ക്കറ്റിങ് എന്നിവയ്ക്കും അനുമതി. മൃഗപരിപാലന മേഖലയിലും ഇളവുകള്‍ പ്രഖ്യാപിച്ചു.

സാമ്പത്തിക മേഖല

സാമ്പത്തിക മേഖലയില്‍ ബാങ്ക് ബ്രാഞ്ചുകള്‍, എ.ടി.എമ്മുകള്‍ എന്നിവ തുറക്കാം. ബാങ്കുകളില്‍ സാമൂഹിക അകലം പാലിക്കുന്നതും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിലും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ശ്രദ്ധയുണ്ടായിരിക്കണം.

സാമൂഹിക മേഖല

സാമൂഹിക മേഖലയില്‍ കുട്ടികള്‍ക്കും മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമുള്ള പരിരക്ഷാ കേന്ദ്രങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍/വിധവകള്‍ എന്നിവര്‍ക്കുള്ള പരിരക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങിയവ തുറക്കാം. അംഗന്‍വാടികളില്‍ നിന്ന് 15 ദിവസത്തില്‍ ഒരിക്കല്‍ ബന്ധപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണം. ഇവ വീടുകളില്‍ എത്തിക്കുകയാണ് ചെയ്യേണ്ടത്.
തൊഴിലുറപ്പ് പദ്ധതിക്കും പോസ്റ്റല്‍ സര്‍വീസിനും അനുമതി നല്‍കി. അന്തര്‍സംസ്ഥാന ചരക്കു കടത്തിനും ഇളവു നല്‍കിയിട്ടുണ്ട്.

ഇളവുകളില്ലാത്തവ

സുരക്ഷാ കാര്യങ്ങള്‍ ഒഴിച്ചുള്ള എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര യാത്രകള്‍ ഉണ്ടാകില്ല.
തീവണ്ടി, ബസ്, മെട്രോ, ടാക്‌സി എന്നിവയും ഉണ്ടാകില്ല
ചികിത്സ അല്ലെങ്കില്‍ മാനദണ്ഡ പ്രകാരമുള്ള കാരണങ്ങള്‍ ഇല്ലാതെ അന്തര്‍ ജില്ലാ- സംസ്ഥാന യാത്രകള്‍ അനുവദിക്കില്ല.
എല്ലാ വിദ്യാഭ്യാസ, പരിശീലന, കോച്ചിങ് സ്ഥാപനങ്ങളും അടച്ചിടുന്നത് തുടരും
അനുമതി നല്‍കാത്ത ഒരു വ്യവസായ, വാണിജ്യ ക്രയവിക്രയവും അനുവദിക്കില്ല.
സിനിമാ ഹാളുകള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂള്‍, എന്റര്‍ടൈന്‍മെന്റ് പാര്‍ക്ക്, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്ലി ഹാളുകള്‍ എന്നിവയും അടഞ്ഞു കിടക്കും
സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, സാംസ്‌കാരിക, മത ചടങ്ങുകളും കൂട്ടായ്മകളും ഉണ്ടാകില്ല
എല്ലാ ആരാധാനാലയങ്ങളും അടച്ചിടുന്നത് തുടരും. മത സമ്മേളനങ്ങള്‍ക്ക് കര്‍ശന നിരോധനം.
അന്ത്യചടങ്ങുകളില്‍ ഇരുപതിലേറെ പേര്‍ പങ്കെടുക്കാന്‍ പാടില്ല.