ഡൽഹിയിൽ 31 വരെ നിരോധനാജ്ഞ; പ്രകടനങ്ങളും പ്രക്ഷോഭങ്ങളും പാടില്ല

കൊറോണ വൈറസിനെ നേരിടുന്നതിന്റെ ഭാഗ്യമായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരാഴ്ചയിലധികം നിരോധനാജ്ഞ. സെക്ഷൻ 144 പ്രകാരം ഇന്ന് രാത്രി ഒമ്പത് മണിമുതൽ മാർച്ച് 31 അർധരാത്രി വരെ നിരോധനാജ്ഞ പുറപ്പെടുവിക്കുകയാണെന്ന് ഡൽഹി പൊലീസ് കമ്മീഷണർ അറിയിച്ചു. ഒരു തരത്തിലുമുള്ള ജനങ്ങളുടെ ഒത്തുകൂടൽ അനുവദിക്കില്ല എന്ന് പൊലീസ് ഉത്തരവിൽ പറയുന്നു.

പ്രകടനങ്ങൾ, മതചടങ്ങുകൾ, പ്രതിഷേധങ്ങൾ എന്നിവ പാടില്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, വൈജ്ഞാനിക, കായിക ഒത്തുചേരലുകളും സെമിനാറുകളും കോൺഫറൻസുകളും നിരോധിച്ചിരിക്കുന്നു. ആഴ്ചച്ചന്തകളും സംഗീത പരിപാടികളും എക്‌സിബിഷനുകളും പാടില്ല. വിനോദസഞ്ചാരങ്ങൾ നിർത്തിവെക്കണം. കോവിഡ് 19 പിടിപെടുകയോ സംശയിക്കുകയോ ചെയ്ത വ്യക്തികൾ ചികിത്സക്കും ബന്ധപ്പെട്ട മറ്റുകാര്യങ്ങൾക്കും വിധേയനാകണം. – പൊലീസ് പറയുന്നു.

ഈ വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ 118-ാം വകുപ്പുപ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

SHARE