സാലക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു ‘അവന്‍ ജീവനോടെയുണ്ട്, ദയവായി തെരച്ചില്‍ തുടരൂ…’ സഹോദരി

പാരിസ്: ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രക്കിടെ ഫുട്‌ബോള്‍ താരം എമിലിയാനോ സാലയടക്കം രണ്ടുപേരടക്കം കാണാതായ പൈപ്പര്‍ മാലിബു വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇംഗ്ലീഷ് ചാനല്‍ അരിച്ചുപെറുക്കി മൂന്നുദിവസം തെരഞ്ഞിട്ടും സൂചനയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഗ്വെന്‍സീ പൊലീസ് തീരുമാനം കൈക്കൊണ്ടത്. സാലയും പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണും ജീവനോടെയുണ്ടാവാന്‍ പൂജ്യം ശതമാനം സാധ്യത മാത്രമേ കാണുന്നുള്ളൂവെന്ന് തെരച്ചിലിന് നേതൃത്വം നല്‍കിയ ഹാര്‍ബര്‍മാസ്റ്റര്‍ ക്യാപ്ടന്‍ ഡേവിഡ് ബാര്‍ക്കര്‍ പറഞ്ഞിരുന്നു.

അതേസമയം, തെരച്ചില്‍ നിര്‍ത്തരുതെന്നും വിമാനത്തെയോ അതിലുണ്ടായിരുന്ന വ്യക്തികളെയോ പറ്റി എന്തെങ്കിലും തുമ്പുണ്ടാകുന്നതു വരെ തെരച്ചില്‍ തുടരണമെന്നും സാലയുടെ കുടുംബവും താരത്തിന്റെ മുന്‍ ക്ലബ്ബായ എഫ്.സി നാന്റസും അഭ്യര്‍ത്ഥിച്ചു. എമിലിയാനോ സാല ജീവനോടെയുണ്ടെന്നും തെരച്ചില്‍ അവസാനിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സഹോദരി റൊമിന പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

‘എമിലിയാനോ ജീവനോടെയുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു. പ്ലീസ്, പ്ലീസ്, പ്ലീസ് തെരച്ചില്‍ നിര്‍ത്തരുത്. അധികൃതരുടെ അധ്വാനം എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷേ, ദയവായി തെരച്ചില്‍ നിര്‍ത്തരുത്.

“ഞങ്ങള്‍ രണ്ട് കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ ഇരുവരും ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനാവുന്നില്ല. എമിലിയാനോ ഒരു പോരാളിയാണ്. ദയവായി അവനു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കാതിരിക്കൂ.” മാധ്യമങ്ങള്‍ക്കു മുന്നില്‍ കണ്ണീരോടെ റൊമിന പറഞ്ഞു.

വിമാനം അപ്രത്യക്ഷമായെന്ന് കരുതപ്പെടുന്ന സ്ഥലത്ത് കടലിന് നൂറുമീറ്ററിലേറെ ആഴമുണ്ടെങ്കിലും വിമാനം കടലില്‍ വീണിട്ടുണ്ടെങ്കില്‍ അതിലുള്ളവര്‍ രക്ഷപ്പെടാന്‍ സാധ്യത കാണുന്നില്ലെന്നും ക്യാപ്ടന്‍ ബാര്‍ക്കര്‍ പറഞ്ഞു. സാലയുടെ കുടുംബത്തിന്റെ വികാരം ഞങ്ങള്‍ക്ക് മനസ്സിലാവും. പക്ഷേ, ഞങ്ങള്‍ പരമാവധി ചെയ്തു കഴിഞ്ഞു. ചാനല്‍ ദ്വീപുകളിലും ഫ്രാന്‍സിലും യു.കെയിലുമുള്ള സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് ഞങ്ങള്‍ തെരഞ്ഞു. വിമാനത്തിന്റെയോ യാത്രക്കാരന്റെയോ പൈലറ്റിന്റെയോ സൂചനകളൊന്നും തന്നെ ലഭിച്ചില്ല – അദ്ദേഹം പറഞ്ഞു.