വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേകം സജ്ജമായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നീക്കം ശക്തമാക്കി വിദേശകാര്യമന്ത്രാലയം. ഇതിനായി ചൈനയിലെ കൊറോണ ബാധിത പ്രദേശമായ ഹുബെയ് പ്രവിശ്യയിലെ വുഹാനിലേയ്ക്ക എയര്‍ ഇന്ത്യയുടെ ജംബോ വിമാനം മുംബൈയില്‍ നിന്നും അല്‍പ്പസമയത്തിനകം പുറുപ്പെടും.
വിദ്യാര്‍ഥികളടക്കം 600 ഇന്ത്യക്കാര്‍ ഇതുവരെ ബെയ്ജിങ്ങിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായ ശ്രമങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ നടുക്കുന്നത്. വിദ്യാര്‍ത്ഥികളെ തിരികെഎത്തിക്കുന്നതിനായി വുഹാനിലും ഹുബൈയിലും വിമാനമിറക്കാന്‍ ഇന്ത്യ അനുമതി തേടിയിട്ടുണ്ട്. മടങ്ങാനുള്ള സന്നദ്ധത അനുസരിച്ച് രണ്ടു ഘട്ടമായാണ് ആളുകളെ തിരികെയെത്തിക്കുന്നത്.

ചൈനയിലെ വുഹാനില്‍ നിന്ന് എത്തുന്ന മുന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യ സ്വീകരിക്കുന്നത്. ഇവരെ സ്‌ക്രീനിംഗ് നടപടികള്‍ക്കും തുടര്‍ന്ന് നിരീക്ഷണത്തിനും വിധേയമാക്കും. ഇതിനായി ഹരിയാനയിലെ മനേസറിനടുത്ത് ഇന്ത്യന്‍ സൈന്യം പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തിക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നുവെങ്കില്‍, അവനെ/അവളെ ബേസ് ഹോസ്പിറ്റല്‍ ഡെല്‍ഹി കന്റോണ്‍മെനിലെ ഇന്‍സുലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്നം സൈന്യം അറിയിച്ചു. ഇവിടെ വെച്ച് വിദ്യാര്‍ത്ഥികളെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ആഴ്ചകളോളം നിരീക്ഷിക്കും.

അതേസമയം, ചൈനയില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരെയും നിര്‍ബന്ധിച്ച് ഒഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മടങ്ങാന്‍ താത്പര്യമുള്ളവര്‍ പേരുനല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരന്‍മാരെ സഹായിക്കാന്‍ ബെയ്ജിങ്ങിലെ നയതന്ത്രകാര്യാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ഇതിനിടെ ചൈനയില്‍ കൊറോണ മൂലമുള്ള മരണം 213 ആയി. 9000ത്തിലധികം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ റഷ്യ തീരുമാനിച്ചു.