സിഡ്നി: വന്‍നാശം വിതച്ച് കാട്ടുതീ ഓസ്ത്രേലിയയെ വിഴുങ്ങുമ്പോള്‍ അശ്രദ്ധനായി മറ്റുപല പരിപാടികളില്‍ മുഴുകി വിവാദത്തിലായ പ്രധാനമന്ത്രി സ്കോട് മോറിസനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. കാട്ടുതീ പടരുന്ന സമയത് കുടുംബത്തോടൊപ്പം വിദേശത്ത് അവധി ആഘോഷിക്കാന്‍ പോയതായിരുന്നു സ്കോട് മോറിസണ്‍. വിവാദമായതോടെ അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി രാജ്യത്തോടായി മാപ്പു പറയുകയായിരുന്നു.
എന്നാല്‍ അപ്പോഴേക്കും തീ നിയന്ത്രണാധീതമായി പടര്‍ന്നിരുന്നു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ മേഖലകളിലാണ് തീ പടര്‍ന്നു പിടിച്ചിരുക്കുന്നത്. അഞ്ഞൂറോളം വീടുകളും കത്തിയമര്‍ന്നു. ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീ 20ഓളം പേരുടെ ജീവനെടുക്കുകയുമുണ്ടായി. ഇതിനിടെയാണ് മോറിസന്റെ നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം കൂടി വിവാദത്തിലാവുന്നത്.
കാട്ടുതീ തടയുന്നതില്‍ ഓസ്ട്രേലിയന്‍ ഭരണകൂടം പരാജയപ്പെട്ടതോടെ പ്രധാനമന്ത്രിക്കെതിരെ അഗ്നിശമന ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി രംഗത്തെത്തികഴിഞ്ഞു. തീ അണക്കാന്‍ കഠിന ശ്രമം നടത്തുന്ന പല അഗ്നിശമന സേനാംഗങ്ങളും ഭരണകൂടത്തോട് കടുത്ത ദേഷ്യത്തിലാണ്. ദുരിതാശ്വാസ പ്രവര്ത്തിനിടെ മോറിസണെതിരെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിഷേപം നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിങ്ങള്‍ മീഡിയ ആണോ, എങ്കില്‍ പ്രധാനമന്ത്രിയോട് പറയൂ എന്നു പറഞ്ഞ് അഗ്നിശമന ഉദ്യോഗസ്ഥന് നടത്തുന്ന പ്രതികരണം.
കഴിഞ്ഞ ദിവസം സ്കോട്ട് മോറിസണിനോട് അഗ്നിശമന സേനാ ഉദ്യോഗസ്ഥന് നേരിട്ട് ക്ഷുഭിതനായിരുന്നു. മോറിസണിന്റെ ഹസ്തദാനം നിരസിച്ച ഇയാള്‍ പ്രധാനമന്ത്രിയെ വിഡ്ഢിയെന്നും വിശേഷിപ്പിച്ചു. കാട്ടുതീയില്‍ കത്തിയെരിഞ്ഞ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ കോബര്ഗോ പട്ടണം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം
ഹസ്തദാനത്തിനായി മോറിസണ്‍ കൈനീട്ടിയപ്പോള്‍ അത് സ്വീകരിക്കാതെ അഗ്നിശമനാ സേനാംഗം എഴുന്നേറ്റ് പോകുകയായിരുന്നു. ഒപ്പം മോറിസണിന്റെ മുഖത്തുനോക്കി താങ്കള്‍ ഒരു വിഡ്ഢിയാണെന്നും അയാള്‍ ആക്രോശിച്ചു. ഇതോടെ പ്രധാനമന്ത്രി ക്ഷമാപണം നടത്തുകയും ആളുകള്‍ ദേഷ്യത്തിലാണെന്നത് എനിക്ക് മനസിലാവുന്നുണ്ടെന്ന് പ്രതികരിക്കുകയുമാണ് ചെയതത്.
ഇതിനിടെ രാജ്യത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഭരണ പാര്‍ട്ടിയുടെ പേരില്‍ പോസ്റ്റ് ചെയ്ത നടപടിയും സ്കോട്ട് മോറിസന് തിരിച്ചടിയായി
കഴിഞ്ഞ നാലുമാസമായി തുടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതോടെയാണ് ആളുകള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞത്. ഇതിനിടെയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യ സന്ദര്‍ശനം കൂടി ഇരുട്ടടിയായത്. ഈ പശ്ചാത്തലത്തില്‍ മോറിസണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 13 മുതല്‍ 16 വരെയാണ് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം ക്രമീകരിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയും മോറിസന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കാനിരുന്നതായിരുന്നു. ഡല്‍ഹിയെ കൂടാതെ മുംബെ, ബെംഗളൂരു എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നു.